നിയമസഭാ പരിസരത്ത് വനിതയ്‌ക്കെതിരേ കയ്യേറ്റം: ഡല്‍ഹി കോടതി മൂന്ന് എഎപി എംഎല്‍എമാരെ കുറ്റവിമുക്തരാക്കി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ പരിസരത്തുവച്ച് ഒരു സ്ത്രീയെ കയ്യേറ്റം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ മൂന്ന് എഎപി എംഎല്‍എമാരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. എംഎല്‍എമാര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ നിലനില്‍ക്കാവുന്ന തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഓഖ്‌ല എംഎല്‍എ അമാനത്തുള്ള ഖാന്‍, മാല്‍വിയ നഗര്‍ എംഎല്‍എ സോമനാഥ് ഭത്രി, തിലക് നഗര്‍ എംഎല്‍എ ജര്‍ണൈല്‍ സിങ് എന്നിവര്‍ക്കെതിരേ 2017ല്‍ ചാര്‍ജ് ചെയ്ത കേസിലാണ് വിധി.
എംഎല്‍എമാര്‍ കുറ്റക്കാരെന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും അതുകൊണ്ട് എംഎല്‍എമാരെ കുറ്റവിമുക്തരാക്കുന്നതായും അഡീഷല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദര്‍ സിങ് പറഞ്ഞു.
നിരവധി പേരുടെ സാന്നിധ്യത്തിലാണ് കയ്യേറ്റം നടന്നതെന്ന് പരാതിക്കാരി മൊഴിനല്‍കിയെങ്കിലും പ്രോസിക്യൂഷന് ആരെയും ഹാജരാക്കാനായില്ല- കോടതി നിരീക്ഷിച്ചു.
എഎപി എംഎല്‍എമാര്‍ക്കുവേണ്ടി അഭിഭാഷകനായ മൊഹമ്മദ് ഇര്‍ഷാദ് ഹാജരായി.
2017ലാണ് മൂന്ന് എംഎല്‍എമാര്‍ക്കെതിരേ യുവതി പരാതി നല്‍കിയത്. ഓഖ്‌ല എംഎല്‍എ അമാനത്തുള്ള ഖാന്‍, മാല്‍വിയ നഗര്‍ എംഎല്‍എ സോമനാഥ് ഭത്രി, തിലക് നഗര്‍ എംഎല്‍എ ജര്‍ണൈല്‍ സിങ് എന്നിവര്‍ തന്നെ മര്‍ദിച്ചുവെന്നും അപമാനിച്ചുവെന്നുമായിരുന്നു പരാതി.
2017 ജൂണ്‍ 28ന് വിധാന്‍സഭയില്‍ നടപിക്രമങ്ങള്‍ വീക്ഷിക്കുന്നതിനുവേണ്ടിമാത്രം സന്ദര്‍ശിച്ചപ്പോള്‍ ജെര്‍ണൈല്‍ സിങ്ങും അദ്ദേഹത്തിന്റെ അനുയായികളും മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ജര്‍ണൈല്‍ സിങ്ങിനൊപ്പം അമാനത്തുള്ള ഖാനുമുണ്ടായിരുന്നു. രണ്ട് പേരും ചേര്‍ന്ന് പരാതിക്കാരിയെ വലിച്ചിഴച്ച് നിയമസഭാ മന്ദിരത്തിലേക്ക് കൊണ്ടുപോയി. അവിടെവച്ച് മര്‍ദ്ദിക്കുകയും ചെയ്തു. അമാനത്തുള്ള ഖാന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന മട്ടില്‍ ഇടപെട്ടതായും പരാതിയിലുണ്ട്.