ക്വാറന്റീനില്‍ കഴിയാന്‍ ഡോക്ടര്‍മാക്ക് ഹോട്ടല്‍ മുറി, നഴ്‌സുമാര്‍ക്ക് പണി തീരാത്ത ഹാളും: ഡല്‍ഹി സര്‍ക്കാരിനെതിരേ നഴ്‌സസ് യൂണിയന്‍
ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ കൊറോണയ്‌ക്കെതിരേയുളള യുദ്ധത്തിന്റെ മുന്നണിയിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നഴ്‌സുമാരും അങ്ങനെയാണല്ലോ എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നഴ്‌സ് പ്രതികരിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണയ്ക്കു വേണ്ടി മാത്രം മാറ്റിവച്ച ലോക് നായക് ജെയ്പ്രകാശ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് മതിയായ ക്വാറന്റീന്‍ സൗകര്യമൊരുക്കാത്ത ഡല്‍ഹി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം പുകയുന്നു. ഇതേ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഹോട്ടല്‍ മുറികള്‍ക്ക് സമാനമായ ലലിത് ആശുപത്രി മുറികള്‍ നല്‍കിയ സര്‍ക്കാരാണ് അതില്‍ കൂടുതല്‍ രോഗികളുമായി ഇടപഴകുന്ന നഴ്‌സുമാര്‍ക്ക് മതിയായ സംവിധാനമൊരുക്കാത്തത്.
നിലവില്‍ 14 ദിവസം കൊറോണ ഡ്യൂട്ടി ജോലി ചെയ്യുന്ന നഴ്‌സുമാര്‍ പിന്നീട് 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇങ്ങനെ ലോക് നായക് ജെയ് പ്രകാശ് ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്ന നഴ്‌സുമാര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് ഒരു പല്ലാശുപത്രിയുടെ പണി തീരാത്ത വാര്‍ഡാണ്. അവിടെയാണ് 30 കട്ടിലുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും കൂടി ആകെ 2 ബാത്ത് റൂമാണ് ഉള്ളത്.
ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ കൊറോണയ്‌ക്കെതിരേയുളള യുദ്ധത്തിന്റെ മുന്നണിയിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നഴ്‌സുമാരും അങ്ങനെയാണല്ലോ എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നഴ്‌സ് പ്രതികരിച്ചത്. നഴ്‌സുമാരാണ് രോഗികളുമായി 24 മണിക്കൂറും ഇടപഴകുന്നത്. അവര്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് അവര്‍ പറയുന്നു.
നഴ്‌സുമാരോട് ഡല്‍ഹി സര്‍ക്കാര്‍ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്ന് നഴ്‌സുമാര്‍ക്ക് പരാതിയുണ്ട്. അടുത്ത 120 നഴ്‌സുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് 14 ദിവസത്തേക്കുള്ള ക്വാറന്റൈനില്‍ ഇവിടെ വരും. അവര്‍ക്കൊന്നും താമസിക്കാനുള്ള സ്ഥലം ഇപ്പോഴില്ല. അവര്‍ വീട്ടിലേക്ക് പോകുകയാണെങ്കിലും പ്രശ്‌നമാണ്. അവരുടെ കുടുംബത്തിനു കൂടി രോഗം പകര്‍ന്നുനല്‍കലായിരിക്കും സംഭവിക്കുക.
ആദ്യ ബാച്ച് ഏപ്രില്‍ 1നാണ് ഇവിടെ വന്നത്. അവരില്‍ പലരും വേണ്ട സൗകര്യമില്ലാത്തതിനാല്‍ വീട്ടിലേക്ക് പോയി. 10 പേര്‍ മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ. നഴ്‌സുമാര്‍ക്ക് ബാത്ത് റൂമുള്ള ഒറ്റ മുറികള്‍ നല്‍കണമെന്ന് ഡല്‍ഹി സ്‌റ്റേറ്റ് ഹോസ്പിറ്റല്‍ നഴ്‌സസ് യൂണിയന്‍ ജന. സെക്രട്ടറി ജീമോള്‍ ഷാജി ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും മെഡിക്കല്‍ ഡയറക്ടറെ യൂണിയന്‍ അറിയിച്ചിട്ടുണ്ടെങ്കിലും നടപടികളൊന്നും ആയിട്ടില്ല. ''ലോക് നായക് ജെയ് പ്രകാശ് ആശുപത്രിയില്‍ 1300 നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. 700 പേരുടെ ഒരു ബാച്ച് 14 ദിവസം ജോലി ചെയ്യും. അടുത്ത ബാച്ച് വരുന്നതോടെ ഇവര്‍ ക്വാറന്റീനില്‍ പോകും. കൊറോണ ചികില്‍സാ സമയത്ത് വൈറസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനുശേഷം ഓരോരുത്തരും പുറത്തുവരുമ്പോള്‍ അവരെ സംരക്ഷിക്കേണ്ടതും ക്വാറന്റീന്‍ ചുമതല വഹിക്കേണ്ടതും ഡല്‍ഹി സര്‍ക്കാരാണ്.'' ഓരോ ആരോഗ്യപ്രവര്‍ത്തകനും ബാത്ത് റൂം ഉള്ള ഒരു മുറി അനുവദിക്കണമെന്ന് പരാതിയില്‍ പറയുന്നു.
ശനിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഇതേ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചതായി പറഞ്ഞിരുന്നു. 1500 കിടക്കകളാണ് വര്‍ധിപ്പിച്ചത്. 500 കിടക്കകള്‍ ജെ ബി പന്ദ് ആശുപത്രിയിലും വര്‍ധിപ്പിച്ചു. ഈ രോഗികളെ കൈകാര്യം ചെയ്യേണ്ടതും നഴ്‌സുമാരാണ്. ഇവര്‍ക്കാവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും അതിനാവശ്യമായ ഒരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു.