ഡല്‍ഹി ആരോഗ്യരംഗം അരാജകത്വത്തിലേക്ക്: രോഗികളെ കാണാതാവുന്നു, മരിച്ചവരെകുറിച്ച് വിവരങ്ങളില്ല, സ്വകാര്യ ആശുപത്രികളില്‍ പണമുള്ളവന് മാത്രം ചികില്‍സ
ന്യൂഡല്‍ഹി: കൊവിഡ് ബാധ ഗുരുതരമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആരോഗ്യരംഗം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുന്നതായി സൂചന. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ കടുത്ത അവഗണനയും പീഡനവും നേരിടുമ്പോള്‍ പലയിടങ്ങളിലും രോഗികളെ പ്രവേശിപ്പിക്കുന്നതുപോലുമില്ല. രോഗികള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചികില്‍സതേടി അലയുന്ന റിപോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം പോലും കണക്കിലെടുക്കുന്നില്ലെന്ന് നാഷണല്‍ ഹെറാല്‍ഡ് റിപോര്‍ട്ട് ചെയ്തു. അതേസമയം സ്വകാര്യ ആശുപത്രികളില്‍ രോഗികളെ വലിയ തുക ഈടാക്കി പ്രവേശിപ്പിക്കുന്ന കേസുകളും പുറത്തുവന്നിട്ടുണ്ട്.
ലോക് നായിക് ജയ് പ്രകാശ് ആശുപത്രിയില്‍ നിന്നാണ് 65 വയസ്സുള്ള ഒരാളെ കാണാനില്ലെന്ന് റിപോര്‍ട്ട് വന്നിരിക്കുന്നത്. ജൂണ്‍ 1നാണ്് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മകന്‍ പറയുന്നു. ജനക്പുരിയിലെ മാതാ ചനനാന്‍ ദേവി ആശുപത്രിയില്‍ നിന്നാണ് അദ്ദേഹത്തെ എല്‍എന്‍ജെപിയിലേക്ക്് കൊണ്ടുവന്നത്.
താന്‍ തന്റെ പിതാവിന് പല ദിവസങ്ങളിലും ഭക്ഷണം കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ മിക്ക ദിവസങ്ങളിലും ഭക്ഷണം തിരിച്ചുതരികയായിരുന്നുവെന്നും മകന്‍ പറയുന്നു. എന്തുകൊണ്ടാണിതെന്ന് അന്വേഷിച്ചെങ്കിലും തൃപ്തികരമായ ഉത്തരം നല്‍കാന്‍ ആശുപത്രി അധികൃതകര്‍ തയ്യാറായില്ല. എല്ലാ വാര്‍ഡുകളും ആശുപത്രി ജീവനക്കാര്‍ക്കൊപ്പം പോയി പരിശോധിച്ചെങ്കിലും പിതാവിനെ കണ്ടെത്താനായില്ലെന്നും മകന്‍ പറഞ്ഞു.
''ആദ്യം 31ാം നമ്പര്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയു 4ലേക്ക് മാറ്റി. എന്നാല്‍ ഈ രണ്ട് വാര്‍ഡിലും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് മൊബൈല്‍ ഇല്ലാത്തതിനാല്‍ വിളിക്കാനും കഴിഞ്ഞില്ല. പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല''- മകന്‍ പറയുന്നു.
മറ്റൊരു ചെറുപ്പക്കാരന്‍ അനില്‍ കുമാര്‍ അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയെ രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ രോഗി മരിച്ചു. ''ആദ്യം സര്‍ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിക്കാര്‍ ചികില്‍സിക്കാന്‍ തയ്യാറായില്ല. ഒഴിവില്ലെന്നായിരുന്നു പറഞ്ഞത്. ഞാന്‍ പിന്നീട് ബിഎല്‍ കപൂര്‍ ആശുപത്രിയിലേക്ക് പോയി. അവരും പ്രവേശിപ്പിച്ചില്ല. പിന്നീട് ആര്‍എംഎല്‍ ആശുപത്രിയിലെത്തി. ആദ്യം പ്രവേശിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് സാധ്യമല്ലെന്ന് പറഞ്ഞു. കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ ആശുപത്രി ജീവനക്കാര്‍ എന്നെ തല്ലിയോടിപ്പിച്ചു.''- അനില്‍കുമാര്‍ പറഞ്ഞു.
ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ആപ്പനുസരിച്ച് പല ആശുപത്രികളിലും ബെഡ് ഒഴിവുണ്ടെന്ന് കാണിക്കുന്നുണ്ടെങ്കിലും ആരും പ്രവേശിപ്പിക്കാന്‍ തയ്യാറല്ല.
''ഒടുവില്‍ ഞങ്ങള്‍ സഫ്ദര്‍ജുങ് ആശുപത്രിയിലെത്തി. അവിടെ പ്രവേശനം നല്‍കിയെങ്കിലും രോഗിയെ ഒരു മണിക്കൂര്‍ നേരം കൊറോണാ വര്‍ഡിനു പുറത്തുകിടത്തി. ഒടുവില്‍ ഒരാള്‍ വന്ന് ഓക്‌സിജന്‍ കൊടുത്തപ്പോഴേക്കും രോഗി മരിച്ചിരുന്നു''- അനില്‍ പറഞ്ഞു.
ഇതിനെ കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് ആശുപത്രി പിആര്‍ഒ ഡോ. ബല്‍വിന്ദര്‍ പറഞ്ഞത് ഇതേ കുറിച്ച് അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നാണ്.
ജിടിബി ആശുപത്രിയില്‍ തന്റെ ബന്ധുവിനെ പ്രവേശിപ്പിച്ച വിശാല്‍ പറയുന്നത് രോഗി മരിച്ചുവെന്ന് പറഞ്ഞെങ്കിലും മൃതദേഹം കൈമാറാന്‍ തയ്യാറായില്ലെന്നാണ്. ഒടുവില്‍ തുണിയില്‍ പൊതിഞ്ഞ ഒരു മൃതദേഹം മൂന്നു മണിക്കൂറിനു ശേഷം ലഭിച്ചു.
മറ്റൊരു കേസില്‍ ഒരു രോഗിയില്‍ നിന്ന് കരോള്‍ ബാഗിലെ സ്വകാര്യ ആശുപത്രി 4.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. 2.5 ലക്ഷം ക്രഡിറ്റ് കാര്‍ഡ് വഴിയും ബാക്കി കറന്‍സിയായും. ആശുപത്രിക്കെതിരേ രോഗി കേസ് കൊടുത്തിട്ടുണ്ട്. ഇതേ ആശുപത്രിക്കെതിരേ മറ്റൊരു കേസില്‍ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പല സ്വകാര്യ ആശുപത്രികളും ലക്ഷങ്ങളാണ് ചികില്‍സയ്ക്ക് ആവശ്യപ്പെടുന്നത്. ഇതിനിടയില്‍ മൃതദേഹങ്ങള്‍ മാറിപ്പോകുന്ന കേസുകളും ഉണ്ടായിട്ടുണ്ട്.