ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എം.പി.യും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ തലവനുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരേ കുറ്റം ചുമത്താന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ബ്രിജ്ഭൂഷണെതിരേ കുറ്റം ചുമത്താന്‍ ഉത്തരവിട്ടത്.
ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളുണ്ടെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പ്രിയങ്ക രജ്പുത്ത് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം (ഐ.പി.സി. 354, 354എ) എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ മതിയായ വസ്തുതകളുണ്ട്. ആറ് പേരുടെ പരാതികളില്‍ അഞ്ചിലും ബ്രിജ്ഭൂഷണെതിരേ കുറ്റം ചുമത്താനുള്ള തെളിവുകളുണ്ടെന്നും കോടതി പറഞ്ഞു.
അതേസമയം ആറാമത്തെ സ്ത്രീ ഉന്നയിച്ച ആരോപണങ്ങളില്‍ ഭൂഷണെ കോടതി കുറ്റവിമുക്തനാക്കി. ആറാമത്തെ സ്ത്രീയുടെ ആരോപണങ്ങള്‍ 2012 മുതലുള്ളതാണ്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ കേസില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെയും കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു.