ഡല്‍ഹിയിലെ കാറുകളില്‍ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കുന്നു

ഡീസലില്‍ ഓടിക്കുന്ന വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറും പെട്രോള്‍, സിഎന്‍ജി ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഇളം നീല സ്റ്റിക്കറുകളും ഉണ്ടായിരിക്കണം

Update: 2022-07-19 09:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാറുകളില്‍ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി അധികൃതര്‍.വിവിധ ഇന്ധനം വ്യക്തമാക്കുന്ന കളര്‍ കോഡുള്ള ഇന്ധന സ്റ്റിക്കറുകളാണ് വാഹനങ്ങളില്‍ പതിക്കേണ്ടത്.മലിനീകരണവുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന സമയത്ത് ദൂരെനിന്ന് വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം തിരിച്ചറിയാനാണ് ഇത്.നിയമം ലംഘിക്കുന്നവരില്‍നിന്ന് 5,500 രൂപ പിഴയിടാക്കും.

ഡീസലില്‍ ഓടിക്കുന്ന വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറും പെട്രോള്‍, സിഎന്‍ജി ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഇളം നീല സ്റ്റിക്കറുകളും ഉണ്ടായിരിക്കണം.പുതിയ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്‌ളാനിന്റെ ഭാഗമായി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് മെച്ചപ്പെടുത്താന്‍ ഡീസല്‍ വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് നിരോധിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്റ്റിക്കറുകള്‍ സഹായപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

പിഴയീടാക്കുന്നത് ആരംഭിക്കുന്നതിന് മുമ്പ് വാഹന ഉടമകള്‍ക്ക് ബോധവല്‍കരണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായ ആശിഷ് കുന്ദ്ര പറഞ്ഞു. 2018 ഒക്ടോബര്‍ രണ്ടിന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ കളര്‍ കോഡുള്ള ഇന്ധന സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വാഹനങ്ങളിലും സ്റ്റിക്കറുകള്‍ ഉണ്ടെങ്കിലും അതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം ഉടമകളും അവ പതിപ്പിക്കാന്‍ തയ്യാറാവില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ആകെ 9,87,660 ഡീസല്‍ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ബിഎസ്4 പ്രകാരമല്ലാത്ത സ്വകാര്യ കാറുകളുടെ എണ്ണം 4,16,103 ആണ്.2018 ഓഗസ്റ്റ് 13ലെ സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം ക്രോമിയം അധിഷ്ഠിത ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ഇത് പലപ്പോഴും നടപ്പാക്കാത്ത സാഹചര്യമാണ് ഇവിടെ ഉണ്ടായിരുന്നത്.

Tags:    

Similar News