ഹിജാബ് ധരിച്ച് കോളജില്‍ പ്രവേശനം നിഷേധിച്ചു; ഉഡുപ്പിയില്‍ വിദ്യാര്‍ത്ഥിനികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി
ഉഡുപ്പി: ഹിജാബ് ധരിച്ചെത്തിയവര്‍ക്ക് സര്‍ക്കാര്‍ പ്രീ യൂനിവേഴ്‌സിറ്റി കോളജില്‍ പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ച് കോളജിലെത്തിയ തങ്ങള്‍ക്ക് അധികൃതര്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ചെന്നാണ് കുട്ടികള്‍ പരാതി നല്‍കിയത്. കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവമുണ്ടായത്.
തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ വിദ്യാര്‍ഥി സംഘടനയായ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ക്കൊപ്പമെത്തി ജില്ലാ കലക്ടര്‍ കുമാര്‍ റാവുവിന് പരാതി നല്‍കുകയായിരുന്നു. പ്രിന്‍സിപ്പല്‍ രുദ്ര ഗൗഢ തങ്ങളെ ക്ലാസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. സംഭവം പുറത്തുവന്നതോടെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വിഷയത്തില്‍ ഇടപെടുകയും വിദ്യാര്‍ഥിനികളുമായി കലക്ടര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. പിന്നീട് കലക്ടര്‍ പറഞ്ഞതനുസരിച്ച് പ്രശ്‌നം പരിഹരിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പ്രശ്‌നപരിഹാമുണ്ടാവും വരെ മൂന്ന് ദിവസം കുട്ടികള്‍ ക്ലാസ്സിന് വെളിയില്‍ കുത്തിയിരിപ്പ് നടത്തി. അതേസമയം, വിഷയം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കാംപസ് ഫ്രണ്ട് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.