കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും കേരള-തമിഴ്‌നാട് ബസ് സര്‍വീസ് പുനരാരംഭിച്ചില്ല
യാത്രക്കാര്‍ പാലക്കാട്ടു നിന്ന് വാളയാര്‍ ബസില്‍ കയറി അവിടെ ഇറങ്ങി ഒരു കിലോമീറ്ററോളം നടന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട് ബസില്‍ കയറി വേണം കോയമ്പത്തൂരിലേക്കു പോകാന്‍.
പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച ശേഷവും പാലക്കാട് - കോയമ്പത്തൂര്‍, പാലക്കാട് - പൊള്ളാച്ചി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചില്ല. ഇളവുകള്‍ തമിഴ്‌നാടിനെ ബോധ്യപ്പെടുത്തി പരസ്പരമുള്ള ബസ് സര്‍വീസ് ആരംഭിക്കാന്‍ കേരളം വേണ്ടത്ര സമ്മര്‍ദം ചെലുത്തുന്നില്ലെന്ന പരാതി ശക്തമാണ്. പാലക്കാട് നിന്നു കോയമ്പത്തൂരിലേക്ക് കെഎസ്ആര്‍ടിസി 14 ചെയിന്‍ സര്‍വീസുകളും 7 ബസ് സര്‍വീസുകളുമാണു നടത്തിയിരുന്നത്.
കെഎസ്ആര്‍ടിസിയുടെ കണക്കില്‍ ചെയിന്‍ സര്‍വീസിലുള്‍പ്പെടെ പ്രതിദിനം 20000ത്തോളം യാത്രക്കാരാണ് കോയമ്പത്തൂരിലേക്ക് പോയി വന്നിരുന്നത്. ഇപ്പോള്‍ യാത്രക്കാര്‍ പാലക്കാട്ടു നിന്ന് വാളയാര്‍ ബസില്‍ കയറി അവിടെ ഇറങ്ങി ഒരു കിലോമീറ്ററോളം നടന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട് ബസില്‍ കയറി വേണം കോയമ്പത്തൂരിലേക്കു പോകാന്‍. കേരള- തമിഴ്‌നാട് ബസുകള്‍ നിലച്ചിട്ട് ഒന്നര വര്‍ഷത്തോളമായി. സ്‌കൂളുകളും, കോളജുകളും തുറക്കുന്ന സാഹചര്യത്തിലും ബസ് സര്‍വീസ് പുനരാരംഭിക്കാത്തതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.