പ്രവാസച്ചൂടിനിടയിലും നിശ്ചയദാര്‍ഢ്യം കൊണ്ട് ഡോക്റ്ററേറ്റ് കരസ്ഥമാക്കി സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. ഷറഫുദ്ദീന്‍

Update: 2022-06-04 08:35 GMT

ദമ്മാം: പ്രവാസച്ചൂടിനിടയിലും തിരക്കുകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യം കൊണ്ട് ഡോക്റ്ററേറ്റെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ ഡോ. ഷറഫുദ്ദീന്‍. 21 വര്‍ഷം മുന്‍പ് ജീവിതംതേടി സൗദിയിലെത്തിയ ഷറഫുദ്ദീന്‍ ഇനി മുതല്‍ ഡോ. ഷറഫുദ്ദീനാണ്. മലപ്പുറം ചങ്ങരംകുളം പെരുമുക്ക് സ്വദേശിയായ ഷറഫു എന്ന് ചുരുക്കപ്പേരില്‍ വിളിക്കുന്ന ഷറഫുദ്ദീനാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയത്. 

രണ്ട് പതിറ്റാണ്ടായി അല്‍ഖൊബാറിലുള്ള ഷറഫുദീന്‍, അറാംകൊയില്‍ പ്രോഗ്രാമറായാണ് സൗദി ജീവിതം ആരംഭിച്ചത്, ഇപ്പോള്‍ ഡാറ്റാ സയന്റിസ്റ്റാണ്.

പഠനം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ പ്രവാസലോകത്തേക്ക് കാലെടുത്ത് വച്ച അദ്ദേഹം ജോലി ചെയ്യുന്നതിനിടയില്‍ത്തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ഡോക്റ്ററേറ്റ് പഠനം ജോലിത്തിരക്കുകള്‍ക്കിടയില്‍ ഇപ്പോഴാണ് പൂര്‍ത്തിയാക്കാനായത്. അദ്ദേഹത്തിന്റെ പേരില്‍ 3 പേറ്റന്റുകളുണ്ട്. 6 ലേഖനങ്ങള്‍ അന്താരാഷ്ട്ര സയന്‍സ് ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവിധ ഇന്റര്‍നാഷണല്‍ ടെക്‌നോളജി /സയന്‍സ് കോണ്‍ഫറന്‍സ്‌കളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും കൊച്ചി രാജഗിരിയില്‍ 2015ല്‍ നടന്ന നോളേജ് കോണ്‍ഫറന്‍സില്‍ ബെസ്റ്റ് പേപ്പര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു.

തങ്ങള്‍ക്ക് ലഭ്യമായ ജോലിയില്‍ നിന്ന് മുക്തിനേടി പുതിയ പഠനമേഖലകളിലേക്ക് കടന്നുകയറാന്‍ പലരും തയ്യാറാവാറില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെയാണ് ഷറഫുദ്ദീന്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

പ്രവാസത്തിന് മുന്‍പ് തിരുവനന്തപുരം ടെക്ക്‌നോപ്പാര്‍ക്കില്‍ നെറ്റ് വര്‍ക്ക് സിസ്റ്റം ആന്റ് ടെക്ക്‌നോളജിയില്‍ ജോലി ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനു ശേഷം ജപ്പാനിലെ തോഷിബ മെഡിക്കല്‍സില്‍ ചേര്‍ന്നു. തുടര്‍ന്നാണ് സൗദിയിലേക്ക് മാറിയത്. 

ജോലി, പഠനം എന്നിവയോടൊപ്പം സാമൂഹിക പ്രവര്‍ത്തന രംഗത്തും ഷറഫു സജീവമാണ്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുടങ്ങിയ പ്രവാസി കൂട്ടായ്മകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചുവരുന്നു. കഴിവും പ്രാപ്തിയുമുള്ള സാമൂഹിക പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനായി കിഴക്കന്‍ പ്രവിശ്യയില്‍ അദ്ദേഹം നിരവധി മാനേജ്‌മെന്റ്, സോഫ്റ്റ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് വര്‍ക്ക്‌ഷോപ്പുകള്‍ നടത്തിയിരുന്നു.

കുടുംബ സമേതം ഖോബാറില്‍ താമസിക്കുന്ന ഷറഫുദ്ദീന്റെ ഭാര്യ അസീലയും സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമാണ്.  ഏക മകള്‍ മര്‍വ്വ ഷഹാദ ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി. 

Similar News