മലേഗാവ് സ്‌ഫോടനം: ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂറിന് വീണ്ടും വാറന്റ്
വിചാരണക്ക് ഹാജരാവാത്തതിനാലാണ് കോടതി നടപടി
മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂറിന് വീണ്ടും വാറന്റ്. കേസില്‍ വിചാരണക്ക് ഹാജരാവാത്തതിനെ തുടര്‍ന്നാണ് പ്രത്യേക എന്‍ഐഎ കോടതി വാറന്റ് പുറപ്പെടുവിച്ചത്. രണ്ടാഴ്ച്ചക്കുള്ളില്‍ കോടതി അയക്കുന്ന രണ്ടാമത്തെ വാറന്റാണിത്. നവംബര്‍ അഞ്ചിന് വാറന്റ് അയച്ച കോടതി 13ന് ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. പതിമൂന്നിന് ഹാജരാവാതിരുന്നതിനാണ് വീണ്ടും വാറന്റ് അയച്ചിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ഹാജരാവാത്തതെന്നാണ് പ്രഗ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഈ വാദം തള്ളിയ കോടതി ഡിസംബര്‍ രണ്ടിന് ഹാജരാവാന്‍ പ്രഗ്യക്ക് താക്കീത് നല്‍കി.
2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മലേഗാവില്‍ മുസ്‌ലിം പള്ളിക്ക് സമീപം നടന്ന ബോംബാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് അടക്കം അഞ്ചു പേരാണ് കേസിലെ മറ്റുപ്രതികള്‍.