മലേഗാവ് സ്ഫോടനം നടനാതായി അറിയില്ല പ്രജ്ഞ സിംഗ് താക്കൂർ
'116 സാക്ഷികളെ വിസ്‌തരിച്ചതില്‍ നിന്ന് സ്‌ഫോടനം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരാണ് നടത്തിയതെന്ന് ഞാന്‍ ചോദിക്കുന്നില്ല. അന്ന് ഒരു സ്‌ഫോടനം നടന്നതായി താങ്കള്‍ക്ക് അറിയാമോ' എന്നായിരുന്നു എന്‍ഐഎ കോടതിയുടെ ചോദ്യം.
മുംബൈ: മലേഗാവ് സ്ഫോടനം നടന്നതിനെപ്പറ്റി അറിയില്ലെന്ന് സ്ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിങ് താക്കൂര്‍. '116 സാക്ഷികളെ വിസ്‌തരിച്ചതില്‍ നിന്ന് സ്‌ഫോടനം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരാണ് നടത്തിയതെന്ന് ഞാന്‍ ചോദിക്കുന്നില്ല. അന്ന് ഒരു സ്‌ഫോടനം നടന്നതായി താങ്കള്‍ക്ക് അറിയാമോ' എന്നായിരുന്നു എന്‍ഐഎ കോടതിയുടെ ചോദ്യം.
കേസിലെ എത്ര സാക്ഷികളാണ് ഇതുവരെ ഇല്ലാതായതെന്ന് താങ്കള്‍ക്ക് അറിയാമോ എന്നും കോടതി പ്രജ്ഞ സിംഗിനോട് ചോദിച്ചു. കോടതിയുടെ ചോദ്യത്തിന് അറിയില്ലെന്ന് അവര്‍ ഉത്തരം നല്‍കി. കൂട്ടുപ്രതിയായ സുധാകര്‍ ദ്വിവേദിയും സമാനമായ ഉത്തരങ്ങളാണ് നല്‍കിയത്. അതേസമയം പ്രജ്ഞ സിംഗ് അഭിഭാഷകനോട് ദേഷ്യപ്പെട്ടതായി റിപോർട്ടുണ്ട്.
ജസ്‌റ്റിസ് വിഎസ് പദാല്‍ക്കര്‍ കോടതിമുറി വിട്ടുപോയതിന് പിന്നാലെയാണ് പ്രജ്ഞ സിംഗ് തൻറെ അഭിഭാഷകനോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു. ഇരിക്കാന്‍ നല്‍കിയ കസേര പൊട്ടിയതും അഴുക്കുപിടിച്ചതുമാണ് എന്ന് പറഞ്ഞായിരുന്നു രോഷപ്രകടനം. അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ട് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിന് ശേഷമാണ് വെള്ളിയാഴ്‌ച്ച പ്രജ്ഞ സിംഗ് കോടതിയിലെത്തിയത്. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കോടതി വ്യാഴാഴ്‌ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
2008 സെപ്റ്റംബര്‍ 29ന് മലേഗാവിലെ ഒരു മുസ്‌ലിം പള്ളിക്ക് സമീപം നടന്ന സ്ഫോടനത്തിൽ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറ് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ എട്ട് പ്രധാന പ്രതികളിൽ ഒരാളാണ് സാധ്വി പ്രജ്ഞ. ഭീകരവാദ പ്രവര്‍ത്തനം, ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചന, ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം, മതവിദ്വേഷമുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് സാധ്വി പ്രജ്ഞയ്ക്കെതിരെ കേസെടുത്തിരുന്നത്. കേസിൽ തടവിൽ കഴിഞ്ഞിരുന്ന പ്രജ്ഞ ജാമ്യത്തിൽ ഇറങ്ങിയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.