ധന്‍ബാദ് തീപ്പിടിത്തം; മരിച്ച 14 പേരെയും തിരിച്ചറിഞ്ഞു

Update: 2023-02-02 02:41 GMT

ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച 14 പേരെയും തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ആറിന് ധന്‍ബാദിലെ ആശിര്‍വാദ് ടവറിലായിരുന്നു അപകടം. മരിച്ചവരില്‍ പത്തു സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. ധന്‍ബാദ്, ബൊക്കാറോ, ഹസാരിബാഗ്, ഛത്ര, നവാഡ(ബിഹാര്‍) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ഒരു വിവാഹാഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. തീ പെട്ടെന്ന് ആളിപ്പടര്‍ന്നതാണ് വന്‍ അപടത്തിലേക്കു നയിച്ചതെന്നാണ് വിവരം.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തതായും അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ആശുപത്രിയുടെ ചുമരില്‍ ഒട്ടിക്കുകയും മരിച്ചവരുടെ ബന്ധുക്കളോട് തിരിച്ചറിയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൃതദേഹങ്ങള്‍ സാരമായി കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ കുടുംബാംഗങ്ങള്‍ക്ക് ആദ്യം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ആഭരണങ്ങളും ചിലയിടങ്ങളില്‍ വസ്ത്രങ്ങളും ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ 18 പേരില്‍ 16 പേരെ ആശിര്‍വാദ് ടവറിന് സമീപമുള്ള നഴ്‌സിംഗ് ഹോമില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

രണ്ട് പേര്‍ ഇപ്പോഴും അവിടെ ചികില്‍സയിലാണ്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ശ്വാസംമുട്ടല്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. 14 പേരെ രാത്രിയോടെ വിട്ടയച്ചു. രണ്ട് പേര്‍ ഇപ്പോഴും ചികിത്സയിലാണ്- ആശിര്‍വാദ് ടവറിന് സമീപമുള്ള നഴ്‌സിങ് ഹോമിലെ ഡോക്ടര്‍ പറഞ്ഞു. കെട്ടിടത്തിലെ ഒരു ഫഌറ്റിലെ മണ്‍വിളക്കിന്റെ തീജ്വാലയില്‍ നിന്നാണ് കര്‍ട്ടന് തീപ്പിടിച്ചതെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ബാങ്ക് മോര്‍ പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് പി കെ സിങ് പറഞ്ഞു.

Tags:    

Similar News