ജാര്‍ഖണ്ഡില്‍ നഴ്‌സിങ് ഹോമില്‍ തീപ്പിടിത്തം; രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് മരണം
റാഞ്ചി: ജാര്‍ഖണ്ഡില്‍ സ്വകാര്യ നഴ്‌സിങ് ഹോമിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ധന്‍ബാദ് ജില്ലയിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. നഴ്‌സിങ് ഹോം ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, ഇവരുടെ അനന്തരവന്‍ സോഹന്‍ ഖമാരി, വീട്ടുജോലിക്കാരി താരാദേവി എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടോടെ നഴ്‌സിങ് ഹോമിന്റെ സ്‌റ്റോര്‍ റൂമില്‍ നിന്നാണ് തീപടര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. സ്‌റ്റോര്‍ റൂമിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ആളുകള്‍ മരിച്ചത്. മരിച്ചവരില്‍ അഞ്ചാമത്തെ ആളെ തിരിച്ചറിയാനുണ്ടെന്നും പോലിസ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. റാഞ്ചിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ധന്ബാദിലെ ബാങ്ക് മോര്‍ പ്രദേശത്താണ് മെഡിക്കല്‍ സ്ഥാപനം സ്ഥിതിചെയ്യുന്നത്.