മുംബൈ: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി.മഹാരാഷ്ട്രയിൽ 288-ഉം ഝാർഖണ്ഡിൽ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുൻതൂക്കമുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എന്നാൽ, ഇരു സംസ്ഥാനങ്ങളിലും തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവിൽ മുന്നണികൾ തമ്മിൽ .മഹാരാഷ്ട്രയിൽ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നേരത്തെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചിരുന്നു. ഏറ്റവും ഉയർന്ന പോളിങ്ങായിരുന്നു ഇക്കുറി മഹാരാഷ്ട്രയിലേത്. എന്നാൽ ഇതൊന്നും ഫലത്തെ സ്വാധീനിക്കാത്തതാണ് നിലവിലെ രീതിയെങ്കിലും വോട്ടിങ് ശതമാനം ഉയർന്നത് തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
നിലവിൽ ജാർഖണ്ഡിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 16 സീറ്റുകളിലും മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജെഎംഎം നയിക്കുന്ന ഇന്ത്യാ സഖ്യം ആറ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ജാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎമ്മിനെ അട്ടിമറിച്ച് എൻഡിഎ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയാണ് ഏജൻസികൾ പ്രവചിക്കുന്നത്. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും എൻഡിഎ അധികാരത്തിലേറുമെന്ന് പറയുമ്പോൾ ആക്സിസ് മൈ ഇന്ത്യ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.
ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പുകളിലൊന്നാണ് മഹാരാഷ്ട്രയിലേത്. രാജ്യം മറ്റു നോക്കുന്ന തിരഞ്ഞെടുപ്പിൽ അവസാന ലാപ്പിലെ ഗോൾ ആരുടെ വലയിലാകും എന്നത് വലിയ ചോദ്യം തന്നെയാണ്. ശിവസേന രണ്ടായി പിളർന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞടുപ്പാണ് മഹാരാഷ്ട്രയിലേത്. മഹായുതിയും മഹാവികാസ് അഘാടിയും തമ്മിലുള്ള പോരാട്ടത്തിൽ വിജയകൊടി ആര് പാറിക്കും എന്ന ആശങ്കയിലാണ് വോട്ടർമാർ. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് മുൻഗണ പ്രവചിച്ചിരുന്നെങ്കിലും അവസാന വോട്ടെണ്ണൽ കഴിയുമ്പോൾ ഫലം തങ്ങൾക്കനുകൂലമാക്കുന്ന ഉറപ്പിലാണ് ഇന്ത്യ സഖ്യം