ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: രവി പൂജാരി സെനഗലില്‍ നിന്നും രക്ഷപ്പെട്ടതായി സൂചന
സെനഗലില്‍ പോലിസ് പിടിയിലായിരുന്ന രവി പൂജാരി കഴിഞ്ഞ ആഴ്ച ജാമ്യം നേടിയതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നാണ് ലഭിക്കുന്ന വിവരമെന്ന് കര്‍ണാടക പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍നിന്നു രക്ഷപ്പെട്ടതായി സൂചന. സെനഗലില്‍ പോലിസ് പിടിയിലായിരുന്ന രവി പൂജാരി കഴിഞ്ഞ ആഴ്ച ജാമ്യം നേടിയതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നാണ് ലഭിക്കുന്ന വിവരമെന്ന് കര്‍ണാടക പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. രാജ്യ വിടില്ലെന്ന ഉറപ്പിലാണ് ഇയാള്‍ക്ക് ജാമ്യം നല്‍കിയിരുന്നതെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഇയാളെ പ്രതിചേര്‍ത്തിരുന്നു. കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രവും നല്‍കിയിരുന്നു. സെനഗലില്‍ അറസ്റ്റിലായ രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്തതിനാല്‍ വൈകുകയായിരുന്നു. കേരളത്തിന് പുറമെ കര്‍ണാടയിലും നിരവധി കേസുകള്‍ രവി പൂജാരിക്കെതിരേ നിലവിലുണ്ട്.പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലെ ഡാകാറിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ വെച്ചാണ് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പിടിയിലായത്. ബോളിവുഡ് നടീനടന്മാരെയും വ്യവസായികളേയും ഭീഷണിപ്പെടുത്തി പണം തട്ടലാണ് രവി പൂജാരിയുടെ പ്രധാന വരുമാനമാര്‍ഗം. ഇന്ത്യയില്‍ തിരിച്ചടികള്‍ നേരിട്ടു തുടങ്ങിയതോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആന്റണി എന്ന പേരില്‍ കഴിഞ്ഞുവരികയാണ്.
ഡിസംബര്‍ 15നാണ് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ഥാപനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു.