രവി പൂജാരിയുടെ അറസ്റ്റ്: കേരള പോലിസ് ഇന്റര്‍പോളിന് കത്ത് നല്‍കി
കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ രവി പൂജാരിക്കെതിരേ 60ലേറെ ക്രിമിനല്‍ കേസുകളുണ്ട്
കൊച്ചി: സിനിമാനടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടത്തിയ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാംപ്രതിയായ രവി പൂജാരിയെ പിടികൂടിയെന്ന മാധ്യമ റിപോര്‍ട്ടുകള്‍ സ്ഥിരികരിക്കണമെന്നാവശ്യപ്പെട്ടാണ് കേരള പോലിസ് ഇന്റര്‍പോളിനു കത്ത് നല്‍കി. സിബിഐ മുഖേനാണ് കത്ത് നല്‍കിയത്. ഏതു കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്, ഏത് സംസ്ഥാത്തിന്റെ ആവശ്യപ്രകാരമാണ് നടപടി, ഇന്ത്യയില്‍ എപ്പോഴാണ് എത്തിക്കുക തുടങ്ങിയ വിവരങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. രവി പൂജാരിയുമായി ബന്ധപ്പെട്ട കേസില്‍ ഇത് രണ്ടാം തവണയാണ് സംസ്ഥാന പോലിസ് ഇന്റര്‍പോളിന് കത്ത് നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നെന്നു പറഞ്ഞ് നടിയും ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായ ലീനാ മരിയ പോളിനെ ഫോണില്‍വിളിച്ച് രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും ഇവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നേരത്തേ കത്ത് നല്‍കിയിരുന്നു. ഇതിനിടെയാണ് ജനുവരി 19ന് രവി പൂജാരി ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായെന്ന വിവരം പുറത്തുവന്നത്. സംഭവം സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തുകയും ചെയ്തിരുന്നു. പൂജാരി ഒളിവില്‍ കഴിഞ്ഞ സ്ഥലം നാലുമാസം മുമ്പ് കണ്ടെത്തുകയും സെനഗല്‍ എംബസിക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്‌തെന്നാണ് കുമാരസ്വാമി പറഞ്ഞത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ രവി പൂജാരിക്കെതിരേ 60ലേറെ ക്രിമിനല്‍ കേസുകളുണ്ട്. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് കൂടുതല്‍. അതേസമയം, രവി പൂജാരിയെ ഇന്ത്യയിലെത്തിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.പൂജാരിയെ വിട്ടുകിട്ടാന്‍ റോയും ഇന്റലിജന്‍സും ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കേരള പോലിസിന്റെ ഇടപെടല്‍.