ട്രംപിനെതിരേ അറസ്റ്റ് വാറന്റുമായി ഇറാന്‍; ഇന്റര്‍പോളിന്റെ സഹായം തേടി

ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവര്‍ക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്‌ന റിപോര്‍ട്ട് ചെയ്യുന്നു.

Update: 2020-06-29 12:48 GMT

തെഹ്‌റാന്‍: ഉന്നത ഇറാനിയന്‍ ജനറലിനെ ബഗ്ദാദില്‍വച്ച് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാന്‍. ട്രംപിനെ കസ്റ്റഡിയിലെടുക്കാന്‍ ഇന്റര്‍പോളിന്റെ സഹായവും ഇറാന്‍ തേടിയിട്ടുണ്ട്. ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവര്‍ക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്‌ന റിപോര്‍ട്ട് ചെയ്യുന്നു.

ജനുവരി മൂന്നിന് ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍വച്ച് ഡ്രോണ്‍ ആക്രമണത്തിലൂടെ ഖാസിം സുലൈമാനിയെ വധിച്ച സംഭവത്തില്‍ ട്രംപിനും 30ല്‍ അധികം ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി തെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അല്‍ഖാസിമെഹര്‍ ആരോപിച്ചു. കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരേ ചുമത്തിയിരിക്കുന്നത്. ട്രംപ് ഒഴികെയുള്ളവരുടെ പേരു വിവരങ്ങള്‍ അല്‍ഖാസിമെഹര്‍ വെളിപ്പെടുത്തിയിട്ടില്ല.

യുഎസ് പ്രസിഡന്റ് പദവി ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കിയതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പോലിസ് ഏജന്‍സിയായ ഇന്റര്‍പോള്‍ ഇറാന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

ലോകത്തിലെ വിവിധ പോലിസ് സംഘടനകളുടെ പരസ്പര സഹകരണത്തിലാണ് ഇന്റര്‍പോള്‍ പ്രവര്‍ത്തിക്കുന്നത്. കൊടുംകുറ്റവാളികള്‍ക്കായി പുറത്തിറക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് ട്രംപിന് അയക്കണമെന്നാണ് ഇറാന്റെ ആവശ്യം. രാഷ്ട്രീയ സ്വഭാവമുള്ള കേസുകള്‍ ഇന്‍ര്‍പോള്‍ പരിഗണിക്കാറില്ല. അതിനാല്‍ ട്രംപിന്റെ അറസ്റ്റ് എന്ന ആവശ്യം ഏജന്‍സി തള്ളിക്കളയാനാണ് സാധ്യതയെന്ന് അല്‍ജസീറ നിരീക്ഷിക്കുന്നു.

ഇറാനിലെ ഉന്നത സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനിയെ വധിച്ചത് ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധവക്കിലെത്തിച്ചിരുന്നു. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ നിരന്തരം ആക്രമിച്ച ഇറാന്‍, ഒരു ബാലിസ്റ്റിക് ആക്രമണവും നടത്തി. ഇതില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

Tags:    

Similar News