'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
ഗസയിലും ലബ്‌നാനിലും വീടുകള്‍ ബോംബിട്ട് തകര്‍ത്ത് വിജയം പ്രഖ്യാപിക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്. അതൊരു കുറ്റകൃത്യമാണ്. അതിന് ഉചിതമായ ശിക്ഷ നല്‍കുകയാണ് വേണ്ടത്
തെഹ്‌റാന്‍:ഗസയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വധശിക്ഷക്ക് വിധിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ. ഇസ്‌ലാമിക വിപ്ലവത്തെ സംരക്ഷിക്കുന്ന ബസീജ് വളണ്ടിയര്‍ ഫോഴ്‌സിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഗസയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് നെതന്യാഹുവിന് എതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചാല്‍ മാത്രം പോരാ, അയാളെ വധശിക്ഷക്ക് വിധിക്കുകയാണ് വേണ്ടത്. ഗസയിലും ലബ്‌നാനിലും വീടുകള്‍ ബോംബിട്ട് തകര്‍ത്ത് വിജയം പ്രഖ്യാപിക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്. അതൊരു കുറ്റകൃത്യമാണ്. അതിന് ഉചിതമായ ശിക്ഷ നല്‍കുകയാണ് വേണ്ടത്.'' -ഖാംനഈ പറഞ്ഞു.
ഇറാന് അകത്ത് അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നേരിടാന്‍ ബസീജ് വളണ്ടിയര്‍മാര്‍ ജാഗരൂഗരാണെന്നും ഖാംനഈ പറഞ്ഞു. ഇസ്രായേലും യുഎസും ഇറാന് അകത്ത് നടത്തുന്ന പ്രചാരണങ്ങളെ ബസീജ് പ്രതിരോധിക്കുന്നു. ഇസ്രായേല്‍ കൊലപ്പെടുത്തിയ പല ഇറാനിയന്‍ ശാസ്ത്രജ്ഞരും ബസീജ് അംഗങ്ങളായിരുന്നു. ഈ വളണ്ടിയര്‍മാര്‍ക്ക് ഇസ്രായേലിനെ നശിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് ശത്രുക്കള്‍ അറിയാം.
20 ശതമാനം മാത്രം ശുദ്ധീകരിച്ച യുറേനിയം മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് നല്‍കാമെന്ന് പതിനഞ്ച് വര്‍ഷം മുമ്പ് യുഎസ് വാഗ്ദാനം ചെയ്തിരുന്നതായും ഖാംനഈ ഇറാന്‍ ജനതയെ ഓര്‍മിപ്പിച്ചു. ''രാജ്യത്തെ യുറേനിയം ശേഖരത്തിന്റെ മൂന്നര ശതമാനമായിരുന്നു യുഎസ് പ്രതിഫലമായി ചോദിച്ചത്. അതൊരു തട്ടിപ്പാണെന്ന് മനസിലായതോടെ കരാറില്‍ നിന്നും ഇറാന്‍ പിന്‍മാറി. ആര്‍ക്കായിരുന്നു ഇറാനില്‍ യുറേനിയം വേണ്ടിയിരുന്നത്?. ബസീജ് വളണ്ടിയര്‍ ഫോഴ്‌സിന് യുറേനിയം വേണമെന്നതിനാലാണ് കരാറില്‍ നിന്ന് പിന്‍മാറിയത്. ഇപ്പോള്‍ യുറേനിയം എത്ര വേണമെങ്കിലും ശുദ്ധീകരിക്കാനുള്ള സാങ്കേതിക വിദ്യ ബസീജ് സ്വന്തമാക്കിയിരിക്കുന്നു. ''ഖാംനഈ പറഞ്ഞു.
ഇസ്രായേലിനും യുഎസ് താല്‍പര്യങ്ങള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ വരുംകാലങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിച്ചമര്‍ത്തപ്പെട്ടവരുടെ സംഘാടനം എന്ന പേരില്‍ 1979ലാണ് ഇറാന്‍ ബസീജ് വളണ്ടിയര്‍ ഫോഴ്‌സ് രൂപീകരിച്ചത്. ഇതിലെ അംഗങ്ങള്‍ ബസീജി എന്നാണ് അറിയപ്പെടുന്നത്.
Full View