മോദി അധികാരത്തില്‍ വന്നശേഷമാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് മനസ്സിലായത്? ഇടത് പക്ഷത്തിനെതിരേ പരിഹാസവുമായി ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് മനസ്സിലായതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്തിനും ഡോളര്‍ കടത്തിനും കിട്ടിയ സ്വാതന്ത്ര്യമാണ് കമ്യൂണിസ്റ്റുകള്‍ ആഘോഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ് ബുക്കിലാണ് ചെന്നിത്തലയുടെ പരിഹാസം.
1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കരിങ്കൊടി ഉയര്‍ത്തിപ്പിടിച്ച് കരിദിനം അനുഷ്ഠിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. വെളുത്ത സായിപ്പിന്റെ കയ്യില്‍ നിന്നും കറുത്ത സായിപ്പിലേക്ക് അധികാരം മാറിയിരിക്കുന്നു എന്ന് വിശേഷിപ്പിച്ചവരാണ് ഇവര്‍. ഒരു ബൂര്‍ഷ്വായില്‍ നിന്നും മറ്റൊരു ബൂര്‍ഷ്വായിലേക്ക് കൈമാറിയ അധികാരം ഞങ്ങള്‍ അംഗീകരിക്കില്ല എന്ന് ഇന്ത്യയ്‌ക്കെതിരെ ആയുധമേന്തുവാന്‍ പ്രേരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍- അവരാണ് ഇപ്പോള്‍ സ്വാതന്ത്ര്യദിനാഘോഷവുമായി രംഗത്തുവന്നതെന്നും അദ്ദേഹം പരിഹസിച്ചു.
''കല്‍ക്കട്ട തീസിസ് വഴി ബി ടി രണദിവ് കൊണ്ടുവന്ന തീരുമാനം ഇന്ത്യയ്‌ക്കെതിരെയുള്ള അന്ത്യചുംബനം ആയിരുന്നു. മഹാത്മാഗാന്ധി ആഹ്വാനംചെയ്ത ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുക്കാതെ അന്ന് ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ മഹാത്മാഗാന്ധിയെ കള്ളനെന്നു വിളിച്ചു, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പഞ്ചവത്സരപദ്ധതി നാടിന് ദോഷം ഉണ്ടാകുമെന്ന് പറഞ്ഞു. സര്‍ദാര്‍ പട്ടേലിനെ ആക്ഷേപിച്ചിരുന്നു. സ്വാതന്ത്ര ഇന്ത്യക്കെതിരെ ആയുധം ഏന്തി പോരാടുവാന്‍ ജനങ്ങള്‍ ആഹ്വാനം ചെയ്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
കലാപങ്ങള്‍ വഴി അധികാരത്തിലെത്തിയ ചൈന മോഡല്‍ ഇന്ത്യ മാതൃകയാക്കണം എന്ന് വിളിച്ച് അറിയിച്ചവര്‍ കമ്മ്യൂണിസ്റ്റുകാര്‍. ചൈനയുമായുള്ള 1962 യുദ്ധത്തില്‍ ചൈനയ്ക്ക് വേണ്ടി കുടപിടിച്ചവരാണ് ഈ കമ്മ്യൂണിസ്റ്റുകാര്‍''- അതിനുശേഷം പ്രധാനമന്ത്രി മാരായ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നീ നേതാക്കളെല്ലാം ഇന്ത്യയുടെ വികസനത്തിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതി കണ്ണുമടച്ചു വിമര്‍ശിച്ചവര്‍ക്ക് ഇന്ന് ബോധോദയം ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.