ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; 70 വയസ്സുകാരന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി
മയക്കുമരുന്ന് അടങ്ങിയ പാഴ്സല്‍ എന്‍ജിനീയറുടെ പേരില്‍ അയക്കാന്‍ രജിസ്റ്റര്‍ ചെയ്തത് പിടികൂടിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്
ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ റിട്ട.എന്‍ജീനിയറായ 70 വയസ്സുകാരന്റെ പണം നഷ്ടമായി. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. മയക്കുമരുന്ന് അടങ്ങിയ പാഴ്സല്‍ എന്‍ജിനീയറുടെ പേരില്‍ അയക്കാന്‍ രജിസ്റ്റര്‍ ചെയ്തത് പിടികൂടിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തായ്വാനില്‍ നിന്നെത്തിയ മയക്കുമരുന്നാണ് കണ്ടെത്തിയതായി തട്ടിപ്പുകാര്‍ അറിയിച്ചത്. 10 കോടി രൂപയാണ് എന്‍ജിനീയര്‍ക്ക് നഷ്ടമായത്. നിയമപാലകരെന്ന വ്യാജേന തട്ടിപ്പുകാര്‍ എന്‍ജിനീയറെ നിര്‍ബന്ധിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യിപ്പിക്കുകയായിരുന്നു.
നഷ്ടമായ തുകയില്‍ 60 ലക്ഷം രൂപ മരവിപ്പിക്കാന്‍ പോലിസിന് കഴിഞ്ഞു, ബാക്കിയുള്ള പണം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലിസ് തുടരുകയാണ്. എന്‍ജിനീയര്‍ക്ക് ഒരു പാക്കേജുമായി ബന്ധപ്പെട്ട കോള്‍ വരികയും അതിനുള്ള മറുപടിയില്‍ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് മയക്കുമരുന്ന് അടങ്ങിയ പാക്കേജ് എന്‍ജിനീയറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് പിടികൂടിയതായും തട്ടിപ്പുകാര്‍ അറിയിച്ചു. സഹകരിച്ചില്ലെങ്കില്‍ കേസെടുക്കുമെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിഭ്രാന്തനായ എന്‍ജിനീയറോട് നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞതു പ്രകാരം എന്‍ജിനീയര്‍ പണം കൈമാറുകയായിരുന്നു.