സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പോസ്റ്റ് ഓഫിസുകള്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്
കൊച്ചി: ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് വഴി കേരളത്തിലെ 5,000 ലധികം പോസ്റ്റ് ഓഫിസുകളിലൂടെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിജിറ്റലായി (വിരലടയാളം ഉപയോഗിച്ച്) ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. പോസ്റ്റ്മാന്‍മാരുടെ കൈവശമുള്ള സ്മാര്‍ട്ട്‌ഫോണുകളും ബയോമെട്രിക് ഉപകരണങ്ങളും വഴിയാണ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വകുപ്പുകളിലെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സൗകര്യം ഉപയോഗിക്കാം.
പെന്‍ഷന്‍കാര്‍ക്ക് അവരുടെ വീടുകളില്‍ നിന്നുതന്നെ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സാധിക്കും. സര്‍വീസ് ചാര്‍ജായി 70 രൂപ പോസ്റ്റ്മാന് നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ വകുപ്പ് ഓഫിസിലോ പെന്‍ഷന്‍ വിതരണ ഏജന്‍സിയിലോ പോകേണ്ടതില്ല. പെന്‍ഷന്‍കാര്‍ക്ക് അവരുടെ ആധാര്‍, മൊബൈല്‍ നമ്പര്‍, പിപിഒ നമ്പര്‍, ബാങ്ക് പാസ്ബുക്ക്,പെന്‍ഷന്‍ അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ അവരുടെ പ്രദേശത്തെ പോസ്റ്റ്മാന് നല്‍കി വിരലടയാളം രേഖപ്പെടുത്തി മിനിറ്റുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിയും.
പോസ്റ്റ്മാനെ സമീപിക്കാന്‍ കഴിയാത്തവര്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫിസ് സന്ദര്‍ശിച്ച് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. http://ccc.cept.gov.in/covid/request.aspx വഴിയും postinfo ആപ്പ് വഴിയും സേവനം ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റ്മാന്റെ കൈവശം ഉള്ള മൊബൈലില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം കഴിഞ്ഞാല്‍ 'വിജയിച്ചു ' എന്ന സന്ദേശത്തോടൊപ്പം ഒരു പ്രമാന്‍ ഐഡി ലഭിയ്ക്കും. പ്രമാന്‍ ഐഡി വഴി https://jeevanpramaan.gov.in/ppouser/login. എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കേറ്റ് ഡൗണ്‍ ലോഡ് ചെയ്യാം.