പള്ളിയുടെ അള്‍ത്താരയില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലി: മാപ്പഭ്യര്‍ത്ഥിച്ച് കൊച്ചി രൂപത
മുഹമ്മദ് ഹാഷിം അള്‍ത്താരയില്‍ വെച്ച് ഖുറാന്‍ വചനങ്ങള്‍ ഉദ്ധരിച്ച് സംസാരിച്ചു. ഇതില്‍ വിശ്വാസികള്‍ പ്രകോപിതരാകുകയായിരുന്നു.
കൊച്ചി: പള്ളിയുടെ അള്‍ത്താരയില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലിയ സംഭവത്തില്‍ വിശ്വാസികളോട് മാപ്പഭ്യര്‍ത്ഥിച്ച് കൊച്ചി രൂപത. ലത്തീന്‍ സഭയുടെ കീഴിലുള്ള ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങളില്‍ വച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലിയതാണ് സഭ വിശ്വാസികളോട് മാപ്പപേക്ഷിച്ചതിന് കാരണമായത്.
പള്ളിപ്പെരുനാളിനോടനുബന്ധിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ചെല്ലാനം പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാഷിം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പള്ളിക്കുള്ളിലായിരുന്നു ചടങ്ങ്. മറുപടി പ്രസംഗത്തിനായി അള്‍ത്താരയിലെ മൈക്കാണ് ഉപയോഗിച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്തീയ ഗാനം ആലപിച്ചു. മുഹമ്മദ് ഹാഷിം അള്‍ത്താരയില്‍ വെച്ച് ഖുറാന്‍ വചനങ്ങള്‍ ഉദ്ധരിച്ച് സംസാരിച്ചു. ഇതില്‍ വിശ്വാസികള്‍ പ്രകോപിതരാകുകയായിരുന്നു. ഇതോടെയാണ് കൊച്ചി രൂപതാ വക്താവ് ഫാ ജോണി സേവ്യര്‍ പതുക്കാട് മാപ്പഭ്യര്‍ത്ഥിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടത്.
അള്‍ത്താര പൊതു വേദിയല്ലെന്നും കത്തോലിക്കാ സഭയുടെ പവിത്രമായ ബലിവേദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെആരോഗ്യ കാര്യങ്ങള്‍ക്കൊപ്പം വ്യക്തിഗത വിശ്വാസവും കലര്‍ത്തി ദുര്‍വിനിയോഗം നടത്തി എന്നെല്ലാമാണ് ജോണി സേവ്യര്‍ മാപ്പപേക്ഷയില്‍ പറഞ്ഞത്.