'മസ്ജിദുകള്‍ക്കു മുമ്പില്‍ ഹനുമാന്‍ ചാലിസ ആലപിച്ചാല്‍ ക്ഷേത്രങ്ങള്‍ക്കു മുമ്പില്‍ ഖുര്‍ആന്‍ വായിക്കും'; എസ്പി നേതാവിനെതിരേ കേസ്
പ്രഖ്യാപനം പ്രകോപനപരമെന്ന് ആരോപിച്ച് റൂബീന ഖാനെതിരേ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അലിഗഡ്: ദിവസം കഴിയുംതോറും യുപിയിലെ ബാങ്ക്-ഹനുമാന്‍ ചാലിസ ഉച്ചഭാഷിണി വിവാദം രൂക്ഷമാവുന്നു. നേരത്തെ പ്രഖ്യാപിച്ചതുപോലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ 21 കേന്ദ്രങ്ങളില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്താല്‍ മുസ്‌ലിം വനിതകള്‍ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ഖുര്‍ആന്‍ വായിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് റൂബീന ഖാന്‍ പ്രഖ്യാപിച്ചു.
അതേസമയം, പ്രഖ്യാപനം പ്രകോപനപരമെന്ന് ആരോപിച്ച് റൂബീന ഖാനെതിരേ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മസ്ജിദിലെ ഉച്ച ഭാഷിണികള്‍ നീക്കം ചെയ്യാനുള്ള നീക്കത്തിലൂടെ മുസ് ലിം സമുദായത്തെ മനപ്പൂര്‍വ്വം ലക്ഷ്യമിടുകയാണെന്ന് റുബീന ഖാന്‍ ആരോപിച്ചു.
ബാജ്രംഗ്ദള്‍ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകളോട് സംസ്ഥാന സര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.