ഭിന്നശേഷി സംവരണം: മുസ്‌ലിം സംവരണം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെകെ റൈഹാനത്ത്

സംസ്ഥാനത്ത് 27 ശതമാനത്തിലധികമുള്ള മുസ്‌ലിം വിഭാഗത്തിന് ലഭിക്കുന്നത് കേവലം 12 ശതമാനം സംവരണം മാത്രമാണ്. ഇതില്‍ നിന്ന് രണ്ട് ശതമാനം കൂടി നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ല.

Update: 2022-07-29 10:19 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോള്‍ മുസ്‌ലിം സംവരണ ക്വാട്ട നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്. നിലവില്‍ ഭിന്നശേഷി സംവരണത്തിനായി കണ്ടെത്തിയ ടേണുകളില്‍ രണ്ടെണ്ണം പൊതുവിഭാഗവും മറ്റ് രണ്ടെണ്ണം മുസ്‌ലിം വിഭാഗത്തിന്റേതുമാണ്. അതായത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനായി പി.എസ്.സിയുടെ ഒന്ന്, 26, 51, 76 ടേണുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ ഒന്ന്, 51 എന്നിവ ഓപണ്‍ ക്വോട്ട(പൊതുവിഭാഗം) ആണ്. 26, 76 എന്നിവ റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം മുസ്‌ലിം ടേണുകളാണ്.

സാമൂഹിക നീതി വകുപ്പിന്റെ ഈ ഉത്തരവ് കെ.എസ്.എസ്.എസ്.ആറിലെ ചട്ടം 17 (2) (ബി) (ii) ന് വിരുദ്ധമാണ്. സംസ്ഥാനത്ത് 27 ശതമാനത്തിലധികമുള്ള മുസ്‌ലിം വിഭാഗത്തിന് ലഭിക്കുന്നത് കേവലം 12 ശതമാനം സംവരണം മാത്രമാണ്. ഇതില്‍ നിന്ന് രണ്ട് ശതമാനം കൂടി നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. കെ.എസ്.എസ്.ആറില്‍ ഭേദഗതി വരുത്തി റിസര്‍വേഷന്‍ ചാര്‍ട്ട് പുനഃസംഘടിപ്പിച്ച് മുസ്‌ലിം സംവരണം കുറയുന്ന പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും ഭാവിയില്‍ മുസ്‌ലിം വിഭാഗത്തിന് വലിയ നഷ്ടത്തിനിടയാക്കും. സച്ചാര്‍-പാലൊളി കമ്മിറ്റി ശിപാര്‍ശകള്‍ പ്രായോഗികവല്‍ക്കുന്നതിനായി കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പ് ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണ് അട്ടിമറിക്കപ്പെട്ടതെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. ന്യൂനപക്ഷ ക്ഷേമപദ്ധതികളെല്ലാം മുസ്‌ലിം വിഭാഗത്തിന് നിഷേധിക്കുന്ന വിവേചനപരമായ നടപടികളാണ് ഇടതുസര്‍ക്കാര്‍ തുടരുന്നത്. എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും ഭരണഘടനാനുസൃതമായ അവകാശങ്ങളും ആനുകുല്യങ്ങളും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് സര്‍ക്കാര്‍ വിസ്മരിക്കരുതെന്നും കെ കെ റൈഹാനത്ത് വാര്‍ത്താക്കുറുപ്പില്‍ ഓര്‍മിപ്പിച്ചു. 

Tags:    

Similar News