മുറിയിലെ നിരീക്ഷണ കാമറ വിച്ഛേദിച്ച ശേഷം ചുറ്റിക കൊണ്ട് ഭാര്യയുടെ തലക്കടിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍

ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷ് (42) ആണ് റിമാന്‍ഡിലായത്.

Update: 2021-12-01 04:42 GMT

പറവൂര്‍: ഭാര്യയുടെ മുറിയിലെ നിരീക്ഷണ കാമറ കണക്ഷന്‍ വിഛേദിച്ച ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷ് (42) ആണ് റിമാന്‍ഡിലായത്.

വിവാഹ മോചനത്തിന് കേസ് നല്‍കിയ ശേഷം ഒരു വീട്ടില്‍ത്തന്നെ വെവ്വേറെ മുറികളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് കഴിയുകയായിരുന്നു ഇരുവരും. കഴിഞ്ഞ 11ാം തീയതിയാണ് സംഭവം. ഭാര്യ സുമയുടെ മുറിയിലേക്കുള്ള നിരീക്ഷണ കാമറയുടെ കണക്ഷന്‍ ഇയാള്‍ വിച്ഛേദിച്ചു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രാജേഷ് അവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുമയെ ഇയാള്‍തന്നെ ചാലാക്ക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം അവിടെനിന്ന് മുങ്ങി.

ഒളിവില്‍ കഴിയവെ കേസിന്റെ കാര്യത്തിനായി എറണാകുളത്ത് എത്തിയെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് വടക്കേക്കര സിഐ എം കെ. മുരളിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കി. കോഴിക്കോട്ടാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News