സമൂഹത്തിന്റെയും സമുദായത്തിന്റെയും സംസ്‌കാരത്തിന് അന്യമായ ജന്‍ഡര്‍ ന്യൂട്രാലിറ്റിയെ നിരുല്‍സാഹപ്പെടുത്തുക: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള

Update: 2022-08-09 08:20 GMT

ആലുവ :സമൂഹത്തിന്റെയും സമുദായത്തിന്റെയും സംസ്‌കാരത്തിന് അന്യമായ ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയത്തെ നിരുല്‍സാഹപ്പെടുത്തണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്.ആലുവ ജലാലിയ്യ ബില്‍ഡിങില്‍ വച്ച് നടന്ന സംസ്ഥന പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തിന് പ്രത്യേകിച്ച് കേരള സംസ്‌കാരത്തിന് അന്യമായതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയമെന്നും, ജന്‍ഡര്‍ ന്യൂട്രാലിറ്റി പോലെയുള്ള ഇത്തരം പ്രവണതകള്‍ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിനെ പോലും ചോദ്യം ചെയ്യുന്നതാണെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ പഠന റിപോര്‍ട്ടുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നതായും യോഗത്തില്‍ പറഞ്ഞു. ഭാവിതലമുറക്ക് വിഷാദരോഗം ഉള്‍പ്പെടെ പല മാനസിക പ്രശ്‌നങ്ങളും സംഭാവന ചെയ്യുന്ന ഇത്തരം ആശയങ്ങളില്‍ നിന്ന് സമൂഹത്തെ പ്രത്യേകിച്ച് യുവ സമൂഹത്തെ മോചിപ്പിക്കാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള സാംസ്‌കാരിക നായകന്‍മാരും മതനേതാക്കളും മുന്നിട്ടിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു.

സംസ്ഥാന അധ്യക്ഷന്‍ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വി എച്ച് അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ ഗഫാര്‍ കൗസരി മുഖ്യപ്രഭാഷണം നടത്തി. ഇന്ന് ഏറെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുന്ന പ്രവാചകനെയും തിരുസുന്നത്തിനെയും സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനായി 'നബിയെ അറിയുക അടുക്കുക' എന്ന തലവാചകത്തില്‍ ഒക്ടോബര്‍ മാസം സംസ്ഥാനത്ത് കാംപയിന്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.അബ്ദുല്‍ കരീം ഹാജി, ഷറഫുദ്ദീന്‍ അസ് ലമി, ഇല്‍യാസ് ഹാദി, അമീന്‍ മൗലവി,അബ്ദുസ്സത്താര്‍ കൗസരി,അര്‍ഷദ് സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News