നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം അനിശ്ചിതത്വത്തില്‍
നീല കാര്‍ഡുള്ള കുറച്ചുപേര്‍ക്ക് മാത്രം കിറ്റ് കിട്ടിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കാര്‍ഡുടമകള്‍ക്കും അടുത്ത മാസം പകുതി പിന്നിട്ടിട്ടും എന്ന് കിട്ടുമെന്ന അറിയിപ്പ് പോലുമില്ല. വെള്ളക്കാര്‍ഡുകാര്‍ക്ക് ആര്‍ക്കും ഇതുവരെ കിറ്റ് ലഭിച്ചിട്ടില്ല.
മാള: റേഷന്‍ കടകളില്‍ കഴിഞ്ഞമാസം വിതരണം ചെയ്യേണ്ടതായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം അനിശ്ചിതത്വത്തില്‍. നീല കാര്‍ഡുള്ള കുറച്ചുപേര്‍ക്ക് മാത്രം കിറ്റ് കിട്ടിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കാര്‍ഡുടമകള്‍ക്കും അടുത്ത മാസം പകുതി പിന്നിട്ടിട്ടും എന്ന് കിട്ടുമെന്ന അറിയിപ്പ് പോലുമില്ല. വെള്ളക്കാര്‍ഡുകാര്‍ക്ക് ആര്‍ക്കും ഇതുവരെ കിറ്റ് ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ അറിയിപ്പനുസരിച്ച് നീലകാര്‍ഡിന്റെ നമ്പര്‍ അടിസ്ഥാനത്തിലുള്ള വിതരണം ഈ മാസം 13ന് പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍ ഭൂരിഭാഗം കടകളിലും നീലകാര്‍ഡിനുള്ള കിറ്റുകള്‍ എത്തിയിട്ടില്ല. കിറ്റുകള്‍ക്കുവേണ്ടി കാര്‍ഡ് ഉടമകള്‍ റേഷന്‍കടകളില്‍ കയറിയിറങ്ങി നിരാശയോടെ മടങ്ങുകയാണ്. നിശ്ചിതദിവസം കഴിഞ്ഞതോടെ കാര്‍ഡ് ഉടമകള്‍ എന്ന് കിറ്റ് ലഭിക്കുമെന്ന് ചോദിക്കുമ്പോള്‍ അധികൃതര്‍ മറുപടി പറയാനാകുന്നില്ലെന്നു പറയുന്നു.
റേഷന്‍ കാര്‍ഡ് ഉടമകള്‍ കൊവിഡ് കാലത്ത് പലതവണ കടകളില്‍ കയറി ഇറങ്ങേണ്ടി വരുന്ന അവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്നു ഓള്‍ കേരള റീടൈല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ചാലക്കുടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ഡി പോള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ കെ പങ്കജാക്ഷന്‍, വൈസ് പ്രസിഡന്റ് എം കെ സുനില്‍, ബെന്‍സണ്‍ കണ്ണൂക്കാടന്‍, ജോബി നെല്ലിശേരി, ജിന്നി ഫ്രാന്‍സിസ് സംസാരിച്ചു.