കുറ്റാന്വേഷണത്തില്‍ കഴിവ് തെളിയിച്ച ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് എസ്‌ഐ മുഹമ്മദ് റാഫി വിരമിച്ചു
മാള: കുറ്റാന്വേഷണത്തില്‍ കഴിവ് തെളിയിച്ച് മുഹമ്മദ് റാഫി പടിയിറങ്ങുന്നു. തിളക്കമാര്‍ന്ന നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് എസ്‌ഐ മുഹമ്മദ് റാഫി വിരമിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള പുരസ്‌കാരം ഉള്‍പ്പെടെ അന്വേഷണമികവിനുള്ള 320 ബഹുമതികളാണ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇത്തരം നേട്ടം അപൂര്‍വമാണ്. മാളക്ക് അഭിമാനതാരമായാണ് ഇദ്ദേഹത്തിന്റെ പടിയിറക്കം.
32 വര്‍ഷത്തെ സേവനത്തിനിടയില്‍ കോളിളക്കമുണ്ടാക്കിയ 14 കൊലപാതകങ്ങള്‍ അന്വേഷിച്ച സംഘങ്ങളില്‍ റാഫിയും ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ പ്രധാന പങ്കുവഹി ക്കുകയും ചെയ്തു. അഹമ്മദാബാദ് കേന്ദ്രീകരിച്ച് നടന്ന 20 കോടിയുടെ ട്രേഡ് ലിങ്ക് കേസ് ഉള്‍പ്പെടെ നിരവധി വന്‍മോഷണക്കേസുകളിലും തുമ്പുണ്ടാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമമെന്ന് അറിയപ്പെടുന്ന പനടവലി ഛത്രത്തിലേക്ക് പോയ അന്വേഷണ സംഘത്തിലും ഇദ്ദേഹമുണ്ടായിരുന്നു. വലപ്പാട് ശ്രീരാമക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇവിടേക്ക് പോകേണ്ടി വന്നത്. ഈ സംഘം 15 മാസംകൊണ്ട് 175 കേസുകള്‍ തെളിയിക്കുകയും 105 പ്രതികളെ പിടി കൂടുകയും ചെയ്തിരുന്നു. എണ്ണം പറഞ്ഞ നിരവധി അന്വേഷണങ്ങളുടെ ഭാഗമായിരുന്നു മുഹമ്മദ് റാഫി.
പൊയ്യ ഗ്രാമപഞ്ചായത്തിലെ പൂപ്പത്തി സ്വദേശിയായ മണ്ണാന്തറ വീട്ടില്‍ മുഹമ്മദ് റാഫി ലഹരിവിരുദ്ധ സംസ്ഥാന സംഘടനയുടെ അണിയറ പ്രവര്‍ത്തകനാണ്. കലാ കായിക സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ്. ഭാര്യ സെബി. മക്കള്‍ മുഹ്‌സിന്‍ എറണാകുളം ലുലുവില്‍ സീനിയര്‍ ലീഗല്‍ ഓഫിസര്‍), മുഹിദ, മുബാറക് (എംബിബിഎസ് വിദ്യാര്‍ത്ഥികള്‍).