യുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന് റിപോര്‍ട്ട്

അല്‍ ഐന് സമീപത്തു നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഉസ്‌ബൈക്കിസ്താന്‍ സ്വദേശികളായ മൂന്നു പേര്‍ പിന്തുടര്‍ന്നുവെന്നും പറയപ്പെടുന്നു.

Update: 2024-11-24 07:48 GMT

അബൂദബി: യുഎഇയില്‍ കഴിഞ്ഞ ദിവസം കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന് റിപോര്‍ട്ടുകള്‍. ഇന്ന് രാവിലെ യുഎഇ പോലിസ് മൃതദേഹം കണ്ടെത്തിയെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം ഇക്കാര്യം സ്ഥിരീകരിക്കും.

അല്‍ ഐന് സമീപത്തു നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ദുബൈയില്‍ സ്വന്തമായി നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കാറോടിച്ചാണ് ഇയാള്‍ അല്‍ ഐനില്‍ എത്തിയത്. കാറിനകത്ത് ബലപ്രയോഗം നടന്നതിന്റെ സൂചനകളും യുഎഇ പോലിസിന് ലഭിച്ചുവത്രെ. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു.

ഉസ്‌ബൈക്കിസ്താന്‍ സ്വദേശികളായ മൂന്നു പേര്‍ ഇയാള്‍ ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ പിന്തുടര്‍ന്നുവെന്നും പറയപ്പെടുന്നു. കൊലപാതകത്തിന് ശേഷം സംഘം തുര്‍ക്കിയിലേക്ക് കടന്നതായാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ തുര്‍ക്കി അധികൃതരുമായി ഇസ്രായേല്‍ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ അന്വേഷണത്തിന്റെ ഭാഗമായി ഇസ്രായേലി പോലിസ് സംഘം യുഎഇയിലേക്കും പുറപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് ഇയാളുമായുള്ള ബന്ധം കുടുംബത്തിന് നഷ്ടമായത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി. 2020ല്‍ ഇസ്രായേലിനെ യുഎഇ അംഗീകരിച്ച ശേഷമാണ് സി കോഗന്‍ അവിടെയെത്തിയത്. ജൂതരെ കുറിച്ചുള്ള 'തെറ്റിധാരണകള്‍' മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇയാള്‍ യുഎഇയില്‍ പ്രധാനമായും നടത്തിയിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ജൂത മതാചാര പ്രകാരമുള്ള ഹോട്ടലുകള്‍ക്ക് യുഎഇയില്‍ പ്രചാരണം നല്‍കലും ഇയാളുടെ ചുമതലയായിരുന്നു. 2021ല്‍ യുഎഇയില്‍ നടന്ന ഹോളോകോസ്റ്റ് അനുസ്മരണ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. യുഎഇയിലെ മുഖ്യ ജൂത റബ്ബി ലെവി ഡക്ക്മാന്റെ സഹായിയും കൂടിയാണ് ഇയാള്‍.


                                                     കോഗന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ ചിത്രം

ആറു മാസം മുമ്പാണ് ഇയാള്‍, 2008ല്‍ ഇന്ത്യയിലെ മുംബൈയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട, കബാദ് വിഭാഗത്തിന്റെ പ്രതിനിധിയായ ഗാബി ഹോല്‍ട്ട്‌സ്ബര്‍ഗിന്റെ സഹോദരി പുത്രിയെ വിവാഹം കഴിച്ചത്. ഭാര്യ അമേരിക്കന്‍ പൗരയാണ്. കബാദ് ജൂതന്‍മാര്‍ ഫലസ്തീനില്‍ ഫലസ്തീനികള്‍ പാടില്ലെന്ന നിലപാടുള്ളവരാണ്. വെസ്റ്റ്ബാങ്ക് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടു ഫലസ്തീനികളെ പുറത്താക്കണമെന്നാണ് അവരുടെ ആവശ്യം.



                                                                                            ഗാബി ഹോല്‍ട്ട്‌സ്ബര്‍ഗ്‌

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇസ്രായേലി പ്രധാനമന്ത്രിയുടെ ഓഫിസും വിദേശകാര്യമന്ത്രാലയവും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. യാത്ര പോവുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുത്. കൂടാതെ കാണുമ്പോള്‍ ഇസ്രായേലിയാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാവുന്ന രീതിയിലുള്ള പ്രകടനങ്ങള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്.

ഇസ്രായേലി സൈന്യത്തിലെ ഗിവാറ്റി ബ്രിഗേഡിലാണ് നേരത്തെ കോഗന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹില്‍ ബ്രിഗേഡ് എന്നും ഇത് അറിയപ്പെടുന്നു. 1947ല്‍ രൂപീകരിച്ച ഗിവാറ്റി ബ്രിഗേഡ് ഫലസ്തീനികളെ ഗ്രാമങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. അറബികള്‍ക്കെതിരായ യുദ്ധത്തില്‍ പങ്കെടുത്ത ഈ സൈനിക വിഭാഗം 2005 വരെ ഗസയിലും കാംപ് ചെയ്തിരുന്നു. ഇപ്പോള്‍ ഗസയിലും ലെബനാനിലും നടക്കുന്ന അധിനിവേശത്തിലും പങ്കെടുക്കുന്നു.

updating

Similar News