സംഭലില്‍ പോലിസ് വെടിവച്ചു കൊന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സഹായധനം നല്‍കി സമാജ്‌വാദി പാര്‍ട്ടി
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ പോലിസ് വെടിവച്ചു കൊന്ന മുസ്‌ലിം യുവാക്കളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കി സമാജ്‌വാദി പാര്‍ട്ടി. സമാജ് വാദി പാര്‍ട്ടി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ മാതാ പ്രസാദ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് സഹായം നല്‍കിയത്. സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ്, ഇഖ്ര ഹസന്‍ എംപി, ഇഖ്ബാല്‍ മഹ്മൂദ് എംഎല്‍എ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
സംഭല്‍ വിഷയത്തില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്നും പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നിര്‍ദേശപ്രകാരമാണ് ധനസഹായം നല്‍കിയതെന്നും മാതാ പ്രസാദ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. ''സംഭലില്‍ രാജ്യം നാണം കെടുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ 39 വര്‍ഷമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്ന പ്രദേശമായിരുന്നു ഇത്. ഇതാണ് ബിജെപി നശിപ്പിച്ചത്.''-സിയാവുര്‍ റഹ് മാന്‍ ബര്‍ഖ് പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ കേസില്‍ സര്‍വേക്ക് ഉത്തരവിട്ട കോടതി വിധിയെ തുടര്‍ന്നാണ് ആറു മുസ്‌ലിം യുവാക്കളെ നവംബര്‍ 24ന് പോലിസ് വെടിവെച്ചു കൊന്നത്. ഇതിന് ശേഷം പ്രദേശത്ത് പോലിസിന്റെ അക്രമം വ്യാപകമാണ്. സിയാവുര്‍ റഹ്മാന്‍ എംപിയുടെ വീടിന്റെ ഒരു ഭാഗം പോലും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു.