അമിത ടോള്‍ പിരിവ് ചോദ്യം ചെയ്തു; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് മര്‍ദ്ദനമേറ്റു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ അമിത ടോള്‍ പിരിവ് ചോദ്യം ചെയ്ത ഉംറ തീര്‍ത്ഥാടകന് മര്‍ദ്ദനമേറ്റതായി പരാതി. വള്ളുമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. ഉംറ കഴിഞ്ഞു ഇന്നലെ രാവിലെയാണ് റാഫിദും ഉമ്മയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. മുപ്പതു മിനിറ്റിനുള്ളില്‍ ടോള്‍ പ്ലാസയ്ക്ക് വെളിയിലിറങ്ങി. എന്നാല്‍ ഒരു മണിക്കൂറിന്റെ പണമാണ് ടോള്‍ പ്ലാസ ജീവനക്കാര്‍ ആവശ്യപ്പെട്ടത്. പണത്തിന് നിര്‍ബന്ധം പിടിച്ചത് വാക്കുതര്‍ക്കത്തിന് കാരണമായി. ഈ സമയത്ത് മറ്റൊരു ജീവനക്കാരനെത്തി അര മണിക്കൂറിന്റെ പണം നല്‍കിയാല്‍ മതിയെന്ന നിലപാട് എടുത്തു. എന്നാല്‍, മറ്റു ചിലര്‍ ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ റാഫിദ് കൊണ്ടോട്ടി ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. കരിപ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.