ഇസ്രായേല്‍ 77ാം വര്‍ഷത്തില്‍ സ്വയം നശിച്ചേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍

Update: 2025-01-04 18:05 GMT

തെല്‍അവീവ്: ഇസ്രായേല്‍ അതിന്റെ 77ാം വര്‍ഷത്തില്‍ സ്വയം നശിച്ചേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍. ചരിത്രത്തില്‍ ഇതുവരെ ഒരു ജൂതഭരണവും 80 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നതാണ് ഇതിന് കാരണമെന്ന് മിവ്‌സാക് ലൈവ് എന്ന ഇസ്രായേലി മാധ്യമത്തിലെ റിപോര്‍ട്ട് പറയുന്നു. ജൂതക്കുടിയേറ്റക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധതരം പ്രശ്‌നങ്ങളും ഇസ്രായേലിന്റെ ആഭ്യന്തരപ്രതിസന്ധികളും മൂലം രാജ്യം തകര്‍ന്നു പോയേക്കാമെന്നാണ് റിപോര്‍ട്ട് പറയുന്നത്.

ക്രി.മു 37 മുതല്‍ ക്രി.ശേ 140 വരെയുണ്ടായിരുന്ന ഹസ്‌മോണിയന്‍ രാജഭരണം 77ാം വര്‍ഷം തകര്‍ന്നുപോയിരുന്നു. രക്തരൂഷിതമായ ആഭ്യന്തരയുദ്ധം മൂലമായിരുന്നു ഈ ഭരണം തകര്‍ന്നത്. ഹസ്‌മോണിയന്‍ ഭരണം ഇല്ലാതായിട്ട് 2000 വര്‍ഷം കഴിഞ്ഞെങ്കിലും അന്നത്തെ സാഹചര്യത്തിലേക്ക് ഇന്ന് ഇസ്രായേല്‍ എത്തുന്നതായി റിപോര്‍ട്ട് ആശങ്കപ്പെടുന്നു. ഫലസ്തീനികളെ പുറത്താക്കി 1948ല്‍ രൂപീകരിച്ച ഇസ്രായേല്‍ എന്ന കുടിയേറ്റ സംവിധാനം 2025ല്‍ 77 വര്‍ഷം പൂര്‍ത്തിയാക്കും.

ഗസ, വെസ്റ്റ്ബാങ്ക് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ലബ്‌നാന്‍, വെസ്റ്റ്ബാങ്ക്, സിറിയ, ഇറാന്‍, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള സൈനികനീക്കങ്ങള്‍ ഇസ്രായേലിന് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. തൂഫാനുല്‍ അഖ്‌സയില്‍ ഹമാസ് ഗസയിലേക്ക് കൊണ്ടുപോയ ജൂതന്‍മാരെ തിരികെ കിട്ടാത്തത് ഇസ്രായേലി സര്‍ക്കാരിനെതിരേ ജൂതന്‍മാര്‍ തിരിയാന്‍ കാരണമായി. തെല്‍അവീവ് അടക്കമുള്ള പ്രദേശങ്ങളില്‍ സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ജൂതന്‍മാരെ തിരികെ കൊണ്ടുവരാന്‍ ഹമാസുമായി കരാര്‍ ഒപ്പിട്ടാല്‍ നെതന്യാഹു സര്‍ക്കാരിനെ വീഴ്ത്തുമെന്നാണ് ധനമന്ത്രി ബെര്‍സലേല്‍ സ്‌മോട്രിച്ചും പോലിസ് മന്ത്രി ബെന്‍ഗ്വിറും പറയുന്നത്.

ഗസയിലെ വംശഹത്യയില്‍ നെതന്യാഹുവിനും മുന്‍ യുദ്ധമന്ത്രി യോവ് ഗാലന്റിനുമെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിട്ടുണ്ട്. ഇനി കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയും അറസ്റ്റ് വാറന്റ് വരാനുണ്ട്. ഇപ്പോള്‍ തന്നെ ഇസ്രായേലി സൈനികര്‍ക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി തുടങ്ങി. സാഹചര്യങ്ങള്‍ ഇനിയും കൂടുതല്‍ മോശമാവാനാണ് സാധ്യതയെന്നാണ് മിവ്‌സാക് ലൈവിലെ റിപോര്‍ട്ട് പറയുന്നത്.


Tags:    

Similar News