ദമസ്‌കസ്: ഇസ്രായേലിന്റെ ഭൂമി കൈയേറ്റത്തില്‍ പ്രതിഷേധിച്ച് സിറിയന്‍ സ്ത്രീകള്‍. തെക്ക് പടിഞ്ഞാറന്‍ സിറിയയിലെ ക്യുനെയ്ത്ര പ്രവിശ്യയിലാണ് പ്രതിഷേധം നടന്നത്. ഇസ്രായേല്‍ 1974ല്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളുടെ തൊട്ടടുത്താണ് ഈ പ്രദേശം. സിറിയയുടെ ഭൂമിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പുറത്തുപോവണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
''സയണിസ്റ്റ് അധിനിവേശം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇത് ഞങ്ങളുടെ ഭൂമിയാണ്, ഞങ്ങള്‍ ഇത് വിട്ടുകൊടുക്കില്ല. സ്ത്രീകളും പെണ്‍കുട്ടികളും കുട്ടികളും ഒരുമിച്ച് ചെറുക്കും''-പ്രതിഷേധത്തില്‍ പങ്കെടുത്ത റസ്മിയ അല്‍ മുഹമ്മദ് പറഞ്ഞു. സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദ് ഡിസംബര്‍ എട്ടിന് രാജ്യം വിട്ടതിന് ശേഷം സിറിയയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
ഗോലാന്‍ കുന്നുകളുടെ സമീപമുള്ള നിരവധി ഗ്രാമങ്ങള്‍ ഇപ്പോള്‍ ഇസ്രായേലി സൈന്യത്തിന്റെ കീഴിലാണ്. കഴിഞ്ഞ ദിവസം സ്വായ്‌സ ഗ്രാമത്തില്‍ മൂന്നു സിറിയന്‍ പൗരന്‍മാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുകയും ചെയ്തു. ദമസ്‌കസിലെ സര്‍ക്കാരും അറബ് രാജ്യങ്ങളും ഇസ്രായേലിനെ സിറിയയില്‍ നിന്നു പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സെലാം കെരിയാന്‍ എന്ന യുവതി ആവശ്യപ്പെട്ടു.