പി വി അന്‍വര്‍ പുറത്തിറങ്ങി; ഇനി കൂട്ടമായുള്ള പോരാട്ടത്തിന്റെ സമയമെന്ന് പ്രഖ്യാപനം
മലപ്പുറം: ഫോറസ്റ്റ് ഓഫിസ് ആക്രമിച്ചുവെന്ന കേസില്‍ ജാമ്യം ലഭിച്ച നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി. രാത്രി എട്ടരയോടെയാണ് തവനൂര്‍ ജയിലില്‍ നിന്നും അന്‍വര്‍ പുറത്തിറങ്ങിയത്. ഡിഎംകെ പ്രവര്‍ത്തകരും നേതാക്കളും മധുരം നല്‍കി സ്വീകരിച്ചു. പുറത്തിറങ്ങിയ ഉടന്‍ അന്‍വര്‍ ദൈവത്തിന് നന്ദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലീഗ് നേതാക്കള്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കും വിവിധ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം കുഴിതോണ്ടുകയാണെന്ന് പുറത്തിറങ്ങിയ ശേഷം പി വി അന്‍വര്‍ പറഞ്ഞു. '' നൂറുദിവസം വരെ ജയിലില്‍ കിടക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. നാടു മുഴുവന്‍ എനിക്കെതിരേ കേസെടുത്തിരിക്കുകയാണ്. എന്താണ് അവര്‍ ചെയ്യുകയെന്ന് അറിയില്ല. പക്ഷേ, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. സര്‍ക്കാരിന് തിരിച്ചടി മാത്രമേയുള്ളൂ. അല്ലാതെ എന്തു അടിയാണ് അവര്‍ക്കുള്ളത്. പിണറായി വിജയന്‍ സ്വന്തം കുഴിതോണ്ടുകയാണ്. സിപിഎം ഇനി അധികാരത്തില്‍ വരില്ലെന്ന കരാറാണ് പിണറായിയും ആര്‍എസ്എസ്സും തമ്മിലുള്ളത്. കേരളത്തിലെ പ്രമുഖ ന്യൂനപക്ഷമായ മുസ്‌ലിംകളെ സിപിഎം വര്‍ഗീയ നിലപാടിലൂടെ അകറ്റി. വനനിയമഭേദഗതിയിലൂടെ ക്രിസ്ത്യാനികളെയും അകറ്റാന്‍ നോക്കുകയാണ്.
ഒരു കോടി 30 ലക്ഷം പേരെ നേരിട്ടു ബാധിക്കുന്ന വിഷയമാണ് വനനിയമഭേദഗതി. 60 നിയമസഭാ മണ്ഡലങ്ങളെ ഇത് ബാധിക്കും. അല്ലെങ്കിലേ ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇനി ഈ നിയമം കൂടി വന്നാല്‍ എന്തു ചെയ്യും. ജീവിക്കാന്‍ പറ്റാതെ പശ്ചിമഘട്ടം വിട്ടുപോവേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. അതിലേക്ക് പെട്രോള്‍ ഒഴിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുവരെ ഞാന്‍ ഒറ്റയാള്‍ പോരാട്ടമായിരുന്നു നടത്തിയിരുന്നത്. പിണറായി ഇസത്തെ തകര്‍ക്കാന്‍ യുഡിഎഫുമായും ആരുമായും കൈകോര്‍ക്കും. ഇത് കൂട്ടായുള്ള പോരാട്ടത്തിന്റെ സമയമാണ്.''-പി വി അന്‍വര്‍ പറഞ്ഞു.