ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജാമിഅ് മസ്ജിദിന് സമീപമുണ്ടായ അക്രമങ്ങള്‍ ബിജെപി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഭരണത്തിലെ വീഴ്ച്ചകളും അഴിമതിയും വോട്ടുതട്ടിപ്പും മറച്ചുവയ്ക്കാനാണ് ബിജെപി ഇത് ചെയ്തിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അക്രമസംഭവങ്ങളില്‍ പുതിയ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും ലഖ്‌നോവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'' സംഭലില്‍ നടന്നത് കലാപമല്ല. ഭരണകൂടത്തിന്റെ വെടിയുണ്ടകളേറ്റ് ജനങ്ങള്‍ കൊല്ലപ്പെട്ടതാണ്. സത്യാവസ്ഥ ആര്‍ക്കും അറിയില്ല. ജില്ലാ മജിസ്‌ട്രേറ്റിനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മേലുള്ള സമ്മര്‍ദ്ദം ആര്‍ക്കും അറിയില്ല.. ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്''-അഖിലേഷ് യാദവ് പറഞ്ഞു.