''സംഭലില്‍ പോലിസ് കള്ളത്തോക്ക് ഉപയോഗിച്ച് മുസ്‌ലിംകളെ വെടിവച്ചു കൊന്നു'' സമാജ്‌വാദി പാര്‍ട്ടിയുടെ വസ്തുതാന്വേഷണ റിപോര്‍ട്ട്

ബിജെപി മുന്‍കൂറായി അക്രമം ആസുത്രണം ചെയ്തിരുന്നു

Update: 2025-01-08 17:36 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് പരിസരത്ത് പോലിസ് കള്ളത്തോക്ക് ഉപയോഗിച്ച് മുസ്‌ലിംകളെ വെടിവച്ചെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ വസ്തുതാന്വേഷണ റിപോര്‍ട്ട്. ഇതില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടു. മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് ബിജെപി അക്രമം മുന്‍കൂറായി ആസൂത്രണം ചെയ്തിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.

'' സംഭലിലെ അക്രമം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതല്ല, ബിജെപിയും അവരെ പിന്തുണയ്ക്കുന്നവരും ആസൂത്രണം ചെയ്തതാണ് അത്. പോലിസ് കള്ളത്തോക്കുകള്‍ ഉപയോഗിച്ചു. അങ്ങനെയാണ് നിരപരാധികളുടെ ജീവന്‍ നഷ്ടമായത്.''-വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തിറക്കിയ ശേഷം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത കഠിനഹൃദയമുള്ള പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തെ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി.

സംഭലിലെ ജനങ്ങള്‍ക്കെതിരേ അമിത ബലപ്രയോഗം നടത്തിയതിന് പുറമേ പോലിസ് കള്ളത്തോക്ക് ഉപയോഗിച്ച് വെടിവച്ചെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ സമാജ്‌വാദി പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ മാതാ പ്രസാദ് പാണ്ഡെ പറഞ്ഞു. '' പിസ്റ്റളുകള്‍ വരെ അവര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചു. നിരപരാധികള്‍ കൊല്ലപ്പെട്ടു. നിരവധി പേരെ കള്ളക്കേസുകളില്‍ അറസ്റ്റ് ചെയ്യുകയുമുണ്ടായി. നിരപരാധികളെ കസ്റ്റഡിയില്‍ എടുത്തു പീഡിപ്പിച്ചു മൊഴികള്‍ രേഖപ്പെടുത്തി. യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് ഇത്.''-മാതാ പ്രസാദ് പാണ്ഡെ പറഞ്ഞു.

സര്‍വേക്ക് ചെല്ലുന്ന കാര്യം അധികൃതര്‍ മുസ്‌ലിം സമുദായത്തെ അറിയിച്ചിരുന്നില്ലെന്നും മാതാ പ്രസാദ് പാണ്ഡെ പറഞ്ഞു. സര്‍വേ സംഘം അവിടെ ചെന്ന് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. സംഘര്‍ഷമുണ്ടായതോടെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പോലിസ് കള്ളത്തോക്കുകളും മറ്റും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു.''-മാതാ പ്രസാദ് പാണ്ഡെ വിശദീകരിച്ചു.

1991ലെ ആരാധനാലയ സംരക്ഷണ നിയമം പ്രാബല്യത്തിലുള്ളപ്പോള്‍ എന്തിനായിരുന്നു ധൃതിയില്‍ ശാഹീ ജാമിഅ് മസ്ജിദില്‍ സര്‍വേ നടത്തിയതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. അക്രമം ഉണ്ടാക്കി സാമൂഹിക സൗഹാര്‍ദ്ദം തകര്‍ത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.''-അദ്ദേഹം പറഞ്ഞു. സംഭലില്‍ സംഘര്‍ഷമുണ്ടായ ഉടന്‍ പ്രദേശം സന്ദര്‍ശിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സര്‍ക്കാരിന് എന്തൊക്കെയോ ഒളിച്ചുവയ്ക്കാനുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് അത്.

പോലിസ് നിരവധി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന ലാല്‍ ബിഹാരി യാദവ് എംഎല്‍എ പറഞ്ഞു. '' മുസ്‌ലിംകള്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് പോലിസ് വെടിവയ്ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.''-ലാല്‍ ബിഹാരി യാദവ് പറഞ്ഞു.

Tags:    

Similar News