16 വര്‍ഷം മുമ്പ് ''കൊല്ലപ്പെട്ടയാളെ'' കണ്ടെത്തി; കേസില്‍ മുമ്പ് ശിക്ഷിക്കപ്പെട്ടത് നാലു പേര്‍
ഝാന്‍സി(യുപി): പതിനാറ് വര്‍ഷം മുമ്പ് കൊല്ലപ്പെട്ടെന്ന് കരുതിയ ആളെ ജീവനോടെ കണ്ടെത്തി. ബിഹാറിലെ ദിയോറിയ സ്വദേശിയായ നാഥുനി പാല്‍ (50) ആണ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഇയാളെ കൊന്ന കേസില്‍ അമ്മാവനും സഹോദരന്മാരും അടക്കം നാലു പേര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അമ്മാവന്‍ മരിച്ചു. മൂന്ന് സഹോദരന്മാര്‍ ജാമ്യത്തിലാണ്. യുപിയിലെ ഝാന്‍സിയിലാണ് ഇയാളെ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.
ജനുവരി ആറിന് പട്രോളിങ്ങിനിടെ ഝാന്‍സി പോലിസ് ദുരൂഹമായ സാഹചര്യത്തില്‍ ഒരാളെ കാണുകയായിരുന്നു. അന്വേഷിച്ചപ്പോള്‍, ഇയാള്‍ ആറുമാസമായി പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് മനസ്സിലായി. ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും അടുത്തിടെയാണ് ഝാന്‍സിയിലേക്ക് താമസം മാറിയതെന്നും മനസിലായി. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിവായത്.
2009ലാണ് നാഥുനി പാല്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയത്. തുടര്‍ന്ന് നാഥുനി പാലിന്റെ മാതാവ് നല്‍കിയ പരാതിയിലാണ് അമ്മാവനും സഹോദരന്മാര്‍ക്കുമെതിരെ പോലിസ് കേസെടുത്തത്. ഭൂമി തട്ടിയെടുക്കാന്‍ പ്രതികള്‍ കൊല നടത്തിയെന്നാണ് പോലിസ് കണ്ടെത്തിയത്. വിചാരണയില്‍ കോടതി പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. കേസ് ഇപ്പോള്‍ അപ്പീലിന്റെ ഘട്ടത്തിലാണ്.