ഡോളര്‍ക്കടത്ത്: സ്പീക്കറുടെ പങ്ക് അന്വേഷിക്കാത്തത് ബിജെപി-സിപിഎം ധാരണയുടെ തെളിവെന്ന് രമേശ് ചെന്നിത്തല

Update: 2021-03-24 12:44 GMT

തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ മൊഴി നല്‍കിയിട്ടും അത് ഗൗരവമായ അന്വേഷണത്തിനു വിധേയമാക്കാത്തത് ബിജെപി-സിപിഎം ധാരണയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും ഡോളര്‍കടത്തില്‍ പങ്കുണ്ടെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇ.ഡിക്കെതിരേ സര്‍ക്കാര്‍ കേസെടുത്തപ്പോള്‍ സ്വയരക്ഷക്കായാണ് മറച്ചുവച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറായതെന്നും ചെന്നിത്തല ആരോപിച്ചു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ഇ.ഡിക്ക് നല്‍കിയ മൊഴി ഞെട്ടിക്കുന്നതാണ്. സ്പീക്കറെക്കുറിച്ച് നേരത്തെ കേട്ടിരുന്ന പലതും ശരിവയ്ക്കുന്ന തരത്തിലുള്ള മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. സിപിഎം നേതാക്കളുടെ തനിനിറം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വര്‍ണക്കടത്തിന്റെയും ഡോളര്‍കടത്തിന്റെയും പിന്നാമ്പുറ കഥകള്‍ അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നു. നിയമസഭാ സമ്മേളനം തീര്‍ന്ന ഉടന്‍ വേവലാതി പിടിച്ച് സ്പീക്കര്‍ എന്തിന് സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ കട ഉദ്ഘാടനം ചെയ്യാന്‍ പാഞ്ഞുപോയി എന്നും ചെന്നിത്തല ചോദിച്ചു. ചോദ്യത്തിനുള്ള ഉത്തരവും അവിടെ വച്ച് സ്വപ്‌നാ സുരേഷുമായി പങ്കിട്ട സൗഹൃദത്തിന്റെ അര്‍ത്ഥവും ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സ്പീക്കര്‍ നടത്തിയ അതിരുവിട്ട അഴിമതികളുടെ കാരണവും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സിപിഎം ഒഴുക്കുന്ന കോടികളുടെ സ്രോതസ്സും ഇത്തരം ബന്ധങ്ങളിലൂടെയാണ് ലഭിച്ചതെന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷനേതാവ് ഉന്നയിച്ചു.

ഗൗരവമായ തെളിവ് ലഭിച്ചിട്ടും അന്വേഷിക്കാതിരിക്കാന്‍ മാത്രം എന്ത് ഡീലാണ് സിപിഎം, ബിജെപി നേതാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയതെന്നും അക്കാര്യം ബിജെപി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Similar News