ദമ്മാം: കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നഷ്ടപ്പെട്ട് പോയ പൊതുവേദികളിലെ സംഗീതാസ്വാദനം ആസ്വാദകര്‍ക്ക് തിരിച്ച് നല്‍കിക്കൊണ്ട് ഡി പി ദമ്മാം ദമ്മാമില്‍ സംഗീത സന്ധ്യ ഒരുക്കുന്നു. മലയാളത്തിലെ സുപ്രസിദ്ധ ഗായകരായ സിതാര കൃഷ്ണകുമാറിനേയും,ഹരീഷ് ശിവരാമകൃഷ്ണനേയും ഒരുമിച്ച് അണിനിരത്തി 'സിതാരാസ് പ്രൊജക്ട് മലബാറിക്കസ്' എന്ന പേരില്‍ മലയാളത്തിലെ മികച്ച മ്യൂസികല്‍ ബാന്‍ഡിന്റെ കീഴിലാണ് സംഗീത സന്ധ്യ ഒരുക്കുന്നത്.
'സിതാര്‍' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ലൈവ് ഓര്‍കസ്ട്ര മ്യുസികല്‍ ഈവന്റ് പെരുന്നാള്‍ അവധിയില്‍ മെയ് ആദ്യവാരം ദമ്മാമിലെ പ്രമുഖ ഹോട്ടലിലായിരിക്കും സംഘടിപ്പിക്കുക.കൊവിഡ് നിശ്ചലമാക്കിയ സര്‍ഗ്ഗവേദികളെ പഴയ ഉശിരോടെ കിഴക്കന്‍ പ്രവശ്യക്ക് തിരികെ നല്‍കുകയാണ് 'സിതാര്‍' സംഘടിപ്പിക്കുന്നതിലൂടെയുള്ള ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ സിത്താറിന്റെ ലോഗൊ പ്രകാശനവും നടന്നു. സാമൂഹിക പ്രവർത്തകൻ നാസ് വക്കം ലോഗൊ പ്രകാശനം ചെയ്തു.മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി ലഭിക്കുക.ദമ്മാമില്‍ വിവിധ ബിസിനസ്,തൊഴില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്ന് പേര്‍ ചേര്‍ന്ന് കഴിഞ്ഞ 5 മാസങ്ങള്‍ക്ക് മുന്‍പ് രൂപീകരിച്ച സര്‍ഗ്ഗ വേദിയാണ് ധൃതംഗ പുളകിതര്‍ എന്ന പൂര്‍ണ്ണ നാമധേയത്തിലുള്ള ഡി പി ദമ്മാം. പ്രവാസത്തിന്റെ വിരസതകളെ സര്‍ഗ്ഗാത്മകത കൊണ്ട് പുളകിതരാക്കുന്ന ഡി പി ദമ്മാം ചെറിയ കാലയളവ് കൊണ്ട് കിഴക്കന്‍ പ്രവശ്യയില്‍ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
മലയാളത്തിന്റെ ഗാനകുലപതികളായ പീര്‍ മുഹമ്മദ്, ബാബുരാജ് എന്നിവരെ അനുസ്മരിച്ച് കൊണ്ട് ഡി പി നടത്തിയ പരിപാടികള്‍ എറെ ശ്രദ്ദേയമായിരുന്നു.'സിതാര്‍' സംഗീതസസദസ്സിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ +966 50 942 0209 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടക സമിതി അറിയിച്ചു.
പത്ര സമ്മേളനത്തില്‍ ഡി പി ദമാം പ്രതിനിധികളായ മുജീബ് കണ്ണൂര്‍, സിറാജ് അബൂബക്കര്‍, നിഹാദ് കൊച്ചി, മനാഫ് ടി കെ, നൗഫല്‍ കണ്ണൂര്‍, നിഷാദ് കുറ്റിയാടി എന്നിവര്‍ പങ്കെടുത്തു.