ഡോ. ബിആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അച്ചടി വിഭാഗത്തില്‍ മംഗളം ദിനപത്രം മലപ്പുറം ലേഖകന്‍ വിപി നിസ്സാറിന്റെ 'തെളിയാതെ അക്ഷരക്കാടുകള്‍' എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്

Update: 2021-12-01 06:36 GMT
ഡോ. ബിആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാധ്യമ റിപോര്‍ട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഡോ. ബിആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തില്‍ മംഗളം ദിനപത്രം മലപ്പുറം ലേഖകന്‍ വിപി നിസ്സാറിന്റെ 'തെളിയാതെ അക്ഷരക്കാടുകള്‍' എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്.

ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് വിഷയം. എന്തുകൊണ്ട് പിന്നോക്കാവസ്ഥ, കാരണങ്ങള്‍, സാഹചര്യം, പ്രതിവിധി തുടങ്ങി വിദ്യാഭ്യാസ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും പരമ്പരയില്‍ വിവരിക്കുന്നു.

ദൃശ്യമാധ്യമത്തില്‍ ട്വന്റിഫോര്‍ കറസ്‌പോണ്ടന്റ് വിഎ ഗിരീഷിന്റെ 'തട്ടിപ്പല്ല, തനിക്കൊള്ള' എന്ന പരമ്പരയ്ക്കുമാണ് അവാര്‍ഡ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ലഭിച്ച പെട്രോള്‍ പമ്പുകള്‍/ഗ്യാസ് ഏജന്‍സികള്‍ അന്യ വിഭാഗക്കാര്‍ തട്ടി എടുക്കുന്നത് സംബന്ധിച്ചാണ് പരമ്പര.

മാധ്യമം റിപോര്‍ട്ടര്‍ ഡോ. ആര്‍ സുനിലും, ജീവന്‍ ടി.വി. ന്യൂസ് എഡിറ്റര്‍ സുബിത സുകുമാരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

30,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 6ന് വൈകീട്ട് നാലിന് തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ വിതരണം ചെയ്യും. പിആര്‍ഡി. ഡയറക്ടര്‍ എസ് ഹരികിഷോര്‍ അദ്ധ്യക്ഷനും, കൈരളി ടി.വി. ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍, മീഡിയ അക്കാദമി ലക്ചറര്‍ കെ അജിത്, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കെപി രവീന്ദ്രനാഥ്, സരസ്വതി നാഗരാജന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

Tags:    

Similar News