മാള: ലഹരി മാഫിയാ സംഘം മാള മേഖലയില്‍ വലവിരിക്കുന്നു. കോളജ് വിദ്യാര്‍ഥികളെയാണ് പ്രധാനമായും ഇവര്‍ രക്ഷ്യംവയ്ക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെയും കണ്ണികളാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗ് പോലിസും എക്‌സൈസും പരിശോധിക്കില്ലെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് ലഹരി മാഫിയ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നത്. നേരത്തെ കഞ്ചാവ് വില്‍പ്പന നടത്തിയ ഏതാനും പേരെ മാള പോലിസ് പിടികൂടിയിരുന്നു. മേഖലയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണികളായായിരുന്നു ഇവര്‍.
ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളാണ് ലഹരി മാഫിയയുടെ ഇരകളാവുന്നത്. സിനിമാ തിയറ്റുകള്‍, ബസ് സ്റ്റാന്റ്, പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നവരെ ഇവര്‍ നോട്ടമിടും. കുട്ടികളുമായി ചങ്ങാത്തം കൂടിയ ശേഷം ചെറിയ അളവില്‍ മയക്ക് മരുന്ന് കൈമാറും. ഇത് ഉപയോഗിക്കുന്ന കുട്ടികള്‍ പിന്നീട് ലഹരിക്ക് അടിമകളായി മാറുന്നതോടെ ഇവ ലഭിക്കാനായി അവര്‍ നിര്‍ദ്ധേശിക്കുന്ന ഏത് ജോലി ചെയ്യാനും നിര്‍ബന്ധിതരാവും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുള്ള മാളയില്‍ അവ ഉപയോഗിക്കുന്നവരില്‍ ഏറെയും യുവാക്കളാണ്.
ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ലഹരി നുണയാനെത്തുന്ന ഇവര്‍ കഞ്ചാവ്, മയക്ക് മരുന്ന് മാഫിയക്ക് ഒത്താശ ചെയ്തുകൊടുക്കുന്നു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ലഹരിക്ക് ആവശ്യക്കാരുണ്ട്. കല്ലേറ്റുംകരയാണ് മാഫിയകളുടെ താവളമെന്ന് പറയുന്നു. നേരത്തെ അന്നമനട, മാള പ്രദേശങ്ങളില്‍ ലഹരിക്കായി കോഡീന്‍ അടങ്ങിയ കഫ് സിറപ്പിന്റെ ഉപയോഗം ഉണ്ടായിരുന്നു. മാള പോലിസ് സ്‌റ്റേഷന് തൊട്ടടുത്ത ബസ് സ്റ്റാന്റ് പരിസരത്ത് ലഹരി മാഫിയ തഴച്ചുവളരുന്നതായി പറയുന്നു. വിവിധ പ്രായത്തിലുള്ള നിരവധി പേരാണ് ഇവിടെ എത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കെ കരുണാകരന്‍ സ്മാരക മാള ഗ്രാമപ്പഞ്ചായത്ത് സ്‌റ്റേഡിയം, മാളക്കടവ് റൂറല്‍ മാര്‍ക്കറ്റ് പരിസരം, അന്നമനട ഗ്രാമപ്പഞ്ചായത്ത് സ്‌റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലും പൊയ്യ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും മദ്യ, മയക്ക് മരുന്ന് മാഫിയ താവളമാക്കുന്നുണ്ട്. കൂടാതെ ആരാധനാലയങ്ങളുടെ പരിസരങ്ങളിലും വിദ്യാലയങ്ങളുടെ പരിസരങ്ങളിലും ഇവര്‍ പ്രവര്‍ത്തിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. വളര്‍ന്നുവരുന്ന പുതുതലമുറയാണ് ഇവരുടെ പ്രധാന ഇരകളെന്നും പോലിസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശക്തമായി ഇതിനെതിരെ ഇടപെടല്‍ നടത്തണമെന്നുമാണ് ജനങ്ങളില്‍ നിന്നുമുയരുന്ന ആവശ്യം.