പ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള കള്ളപ്പണക്കേസുകള്‍ വേണ്ടെന്ന് ഇഡി
ന്യൂഡല്‍ഹി: രാജ്യം ചര്‍ച്ച ചെയ്ത കള്ളപ്പണക്കേസുകളെല്ലാം കോടതികള്‍ റദ്ദാക്കിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വീണ്ടുവിചാരം. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം മാത്രം ചുമത്തി കേസുകള്‍ എടുക്കരുതെന്ന് ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. കേസുകള്‍ റദ്ദാക്കുന്നതിനൊപ്പം ഇഡിക്കെതിരേ രൂക്ഷവിമര്‍ശനവുമാണ് കോടതികള്‍ നടത്തുന്നത്. സത്യത്തിന്റെ തരിമ്പുപോലുമില്ലാത്ത കേസുകളാണ് പലതും. വെറും ആറു ശതമാനം ഇഡി കേസുകളില്‍ മാത്രമാണ് കോടതികള്‍ ശിക്ഷവിധിക്കുന്നത്.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ സഹായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ അനില്‍ തുതേജ, മകന്‍ യാഷ് തുതേജ തുടങ്ങിയവര്‍ക്കെതിരെ ഇഡി എടുത്ത കേസുകള്‍ സുപ്രിംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശമെന്നാണ് സൂചന.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ക്കെതിരേയും ഗൂഡാലോചനക്കുറ്റം ചുമത്തി കേസെടുത്ത ഇഡിയുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇഡി കേസെടുത്തിരുന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ-സംഘടനാ താല്‍പര്യത്തിന് അനുസൃതമായി ഇഡി പ്രവര്‍ത്തിക്കുകയാണ് എന്നാണ് വിമര്‍ശനം.
ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുക്കുകയാണെങ്കില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) കുറ്റംകൂടി ചുമത്തിവേണം കേസെടുക്കേണ്ടതെന്നാണ് ഇഡി ഡയറക്ടര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ഗൂഢാലോചനക്കുറ്റത്തിന്റെ (പഴയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി വകുപ്പ്) അടിസ്ഥാനത്തില്‍ മാത്രം പിഎംഎല്‍എ ചുമത്താനാകില്ലെന്ന് 2023 നവംബറില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ 150 തരം കുറ്റകൃത്യങ്ങളാണ് പിഎംഎല്‍എയുടെ പരിധിയില്‍ വരുന്നത്. ഇക്കൂട്ടത്തില്‍ പെടാത്ത കുറ്റകൃത്യങ്ങള്‍ക്കും ഗൂഢാലോചനക്കുറ്റം പ്രയോഗിക്കുകയും പിന്നാലെ പിഎംഎല്‍എ വകുപ്പ് മൂന്ന് പ്രകാരമുള്ള വ്യവസ്ഥകള്‍ ബാധകമാക്കുകയും ചെയ്യുന്ന രീതിയാണ് മിക്ക കേസുകളിലും ഇഡി പിന്തുടര്‍ന്നത്. ഇത് ശരിയല്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നത്. ഈ വിധി പുനപരിശോധിക്കണമെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളിയിരുന്നു.
നികുതി വെട്ടിപ്പ് ആരോപിച്ച് ഡി കെ ശിവകുമാറിനെതിരെ ഇഡി 2018ല്‍ കേസെടുക്കുകയും 2019ല്‍ അറസ്റ്റുചെയ്യുകയും ചെയ്തു. കേസില്‍ ശിവകുമാര്‍ 50 ദിവസം തിഹാര്‍ ജയിലില്‍ കിടക്കേണ്ടി വന്നു. 120 ബി പ്രകാരമുള്ള കേസില്‍ പിഎംഎല്‍എകുറ്റം ചുമത്താനാകില്ലെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി കേസ് റദ്ദാക്കിയത്. ഭൂപേഷ് ബാഗേല്‍ അടക്കം ആരോപണ വിധേയനായ മദ്യ അഴിമതിക്കേസും സമാന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി റദ്ദാക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 911 കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ എടുത്തെങ്കിലും ആരോപണവിധേയര്‍ ശിക്ഷിക്കപ്പെട്ടത് വെറും 42 കേസുകളില്‍ മാത്രമാണ്. ഇവരാവട്ടെ അപ്പീലും നല്‍കിയിട്ടുണ്ട്.