രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്‍ ഇനി ബിഹാറില്‍

Update: 2024-12-24 16:45 GMT

ന്യൂഡല്‍ഹി: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് ആര്‍ലെകര്‍. കേരളത്തിലെ നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. 2019 സെപ്റ്റംബര്‍ 6ന് കേരള ഗവര്‍ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍ ഇടതുസര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിച്ചിരുന്നത്.

കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ 1989ല്‍ ബിജെപിയിലും അംഗമായി. ബിജെപി ഗോവ ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായും തെക്കന്‍ ഗോവ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2015ല്‍ വനം പരിസ്ഥിതി മന്ത്രിയായി. 2021 ജൂലൈ ആറിനാണ് ഹിമാചല്‍ പ്രദേശ് ഗവര്‍ണറായത്.

മഹാത്മാഗാന്ധിയുടെ സത്യഗ്രഹസമരമല്ല ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം ആര്‍ലെകര്‍ പറഞ്ഞിരുന്നു. ചരിത്രം തിരുത്തിയെഴുതേണ്ട സമയമാണിതെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി രംഗത്തെത്തിയിരുന്നു. അമിത് ഷാ അംബേദ്കറെ അവഹേളിച്ചതിന് പിന്നാലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ബിജെപി അവഹേളിക്കുകയാണെന്നാണ് പ്രമോദ് തിവാരി പറഞ്ഞത്.

Similar News