ചാംപ്യന്‍സ്‌ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി 23ന്
മുംബൈ: 2025 ചാംപ്യന്‍സ് ട്രോഫിയുടെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ഇന്ത്യ-പാകിസ്താന്‍ മത്സരം 2025 ഫെബ്രുവരി 23 ന് ഞായറാഴ്ച ദുബായില്‍ നടക്കും. പാകിസ്താനെ കൂടാതെ ഇന്ത്യയ്‌ക്കൊപ്പം ന്യൂസിലാന്‍ഡും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് എയില്‍. ഇന്ത്യ- ബംഗ്ലാദേശ് മത്സരം ഫെബ്രുവരി 20 നും ന്യൂസിലാന്‍ഡിനെതിരായ മത്സരം മാര്‍ച്ച് രണ്ടിനുമാണ്. ഇവ രണ്ടും ദുബായില്‍ നടക്കും.
ഫെബ്രുവരി 19 ന് കറാച്ചിയില്‍ പാകിസ്താന്‍- ന്യൂസിലാന്‍ഡ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശിനെതിരായ പാകിസ്താന്റെ അവസാന ഗ്രൂപ്പ് മത്സരം ഫെബ്രുവരി 27 ന് റാവില്‍പിണ്ടിയിലാണ്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. ഈ മത്സരങ്ങള്‍ ലാഹോര്‍, കറാച്ചി, റാവില്‍പ്പിണ്ടി എന്നിവിടിങ്ങളില്‍ നടക്കും.
രണ്ട് സെമി ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് നാല്, അഞ്ച് തിയ്യതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെമി ഫൈനല്‍ ദുബായിലും രണ്ടാം സെമിഫൈനല്‍ ലാഹോറിലുമാണ് നടക്കുക. ഇന്ത്യയുടെ സാന്നിധ്യം പരിഗണിക്കാതെ തന്നെ ആദ്യ സെമി ഫൈനല്‍ ദുബായിലാണ് നടക്കുക. മാര്‍ച്ച് 9 ന് നടക്കുന്ന ഫൈനലും ലാഹോറിലാണ്. ഈ മത്സരത്തിന് റിസര്‍വ് ദിവസം പരിഗണിച്ചിട്ടുണ്ട്. ഇന്ത്യ ഫൈനലിലെത്തിയാല്‍ മത്സരം യുഎഇയില്‍ തന്നെ നടത്താമെന്ന വ്യവസ്ഥയോടെ ലാഹോറിനെ ഫൈനല്‍ വേദിയായി നിശ്ചയിച്ചിരിക്കുന്നത്.