ഐസിസി നിര്‍ണായക യോഗം ഇന്ന്; ചാംപ്യന്‍സ് ട്രോഫിയ്ക്ക് പാകിസ്താന്‍ വേദിയാവുമോ?; തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രക്ഷോഭം തിരിച്ചടിയാവും
ദുബായ്: അടുത്ത വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന് പാകിസ്താന്‍ വേദിയാകുമോയെന്ന് എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം. ബിസിസിഐയുടെ കടുത്ത നിലപാടിനിടെ ഐസിസിയുടെ നിര്‍ണായക ബോര്‍ഡ് യോഗം ഇന്ന് നടക്കും.അടുത്ത വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി അനിശ്ചിതത്വത്തിലാക്കിയത് ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിക്കില്ലെന്ന ബിസിസിഐയുടെ കടുത്ത നിലപാടാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. ഇന്ത്യക്ക് ഐസിസി പിന്തുണയുണ്ടെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇന്ത്യയുടേത് ഉള്‍പ്പടെ മത്സരങ്ങള്‍ പൂര്‍ണമായും പാകിസ്താനില്‍ നടത്തണമെന്നാണ് പിസിബി നിലപാട്.
മറ്റ് രാജ്യങ്ങള്‍ക്കൊന്നും ഇല്ലാത്ത സുരക്ഷാ പ്രശ്‌നം ഇന്ത്യന്‍ ടീമിന് മാത്രം എന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് പിസിബി നിലപാട്. ഇതോടെയാണ് ഐസിസി അടിയന്തര ഓണ്‍ലൈന്‍ യോഗം വിളിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് ഹൈബ്രിഡ് മോഡലില്‍ നടത്താമെന്ന നിര്‍ദേശം ഐസിസി യോഗത്തില്‍ ബിസിസിഐ ആവര്‍ത്തിക്കാനാണ് സാധ്യത. പാകിസ്താന്‍ വഴങ്ങിയില്ലെങ്കില്‍ ടൂര്‍ണമെന്റ് പൂര്‍ണമായും മറ്റൊരു രാജ്യത്തേക്ക് മാറ്റിയേക്കും.
ഇതിനിടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും പാകിസ്ഥാന് തിരിച്ചടിയാവും. ജയിലിലടക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ എ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പുറമേ മറ്റ് ടീമുകളും സുരക്ഷാ പ്രശ്‌നം ഐസിസി യോഗത്തില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.