സിഡ്‌നിയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; ബുംറയ്ക്ക് പരിക്ക്; ഓസിസ് 181ന് പുറത്ത്
സിഡ്‌നി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. രണ്ടാം ദിനം മത്സരത്തിനിടെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഗ്രൗണ്ട് വിട്ടു. മത്സരത്തിനിടെ താരത്തിന് പരിക്കേറ്റു. ബുംറയെ സ്‌കാനിങ്ങിന് വിധേയമാക്കും. സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കൊപ്പം ബുംറ ഗ്രൗണ്ട് വിടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ദിനത്തിലെ രണ്ടാം സെഷന്‍ ആരംഭിച്ചതിന് പിന്നാലെയാണ് താരം പുറത്തുപോയത്. ബുംറയുടെ അഭാവത്തില്‍ വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുന്നത്. സിഡ്‌നിയില്‍ മത്സരം പുരോഗമിക്കുമ്പോള്‍ നിര്‍ണായക ലീഡ് നേടി ഇന്ത്യ പൊരുതുകയാണ്.
ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഇന്ത്യ നാല് വിക്കറ്റിന് 82 റണ്‍സ് എന്ന നിലയിലാണ്. ഇന്ന് ഇന്ത്യ ഓസിസിനെ 181 റണ്‍സിന് എറിഞ്ഞിട്ടു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 185ന് ഇന്നലെ അവസാനിച്ചിരുന്നു.ജയ്‌സ്വാള്‍ (22), കെ എല്‍ രാഹുല്‍ (13), ശുഭ്മാന്‍ ഗില്‍(13), വിരാട് കോഹ് ലി (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. ഋഷഭ് പന്ത് (22), ജഡേജ (0) എന്നിവരാണ് ക്രിസിലുള്ളത്.
നേരത്തെ ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ജസ്പ്രീത് ബുറ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയിരുന്നു.