തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് പോലിസ് ഒത്താശ ചെയ്യുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം. അഴിയൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ലഹരി നല്‍കുകയും ലഹരി വിതരണത്തിനായി ഉപയോഗിക്കുകയും ചെയ്ത പ്രതിയെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചത് പോലിസും ലഹരി മാഫിയയും തമ്മിലുള്ള അവിഹിത ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.
ലഹരി മാഫിയകള്‍ സംസ്ഥാനത്തൊട്ടാകെ വിലസുന്നത് അവര്‍ക്ക് പോലിസിലുള്ള സ്വാധീനത്തെയാണ് തെളിയിക്കുന്നത്. ചെറിയ കുട്ടികളെ ബിസ്‌കറ്റ് പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കി അവരറിയാതെ ലഹരിക്ക് അടിമപ്പെടുത്തുന്നത് വളരെ അപകടകരവും ഗുരുതരവുമാണ്. ഒരു തലമുറയെ തന്നെ നാശത്തിലേക്ക് തള്ളിവിടുന്ന മഹാവിപത്തായി ഇത്തിള്‍കണ്ണി പോലെ ലഹരി മാഫിയ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന ഭയപ്പെടുത്തുന്ന ഒരു സന്ദേശമാണ് ഈ സംഭവം.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ പോലിസിനെ നിയന്ത്രണമില്ലാതെ അഴിച്ചുവിട്ടതിന്റെ പരിണിതഫലമാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും കാവലാവേണ്ടവരില്‍ നിന്ന് നിരുത്തരവാദപരമായ സമീപനമുണ്ടാവുന്നത് നീതീകരിക്കാനാവില്ല. പോലിസിന്റെ ജനവിരുദ്ധമായ സമീപനങ്ങള്‍ക്കുമെതിരേ ജനം പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.