ദുബയ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ദുബയ് ട്രാമിന്റെ സേവനങ്ങള്‍ നാളെ മുതല്‍ പുനരാരംഭിക്കും. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെയും ഓപറേറ്റര്‍മാരുടെയും സുരക്ഷ കണക്കിലെടുത്ത് യാത്രക്കാര്‍ ഫേസ്മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ചുവേണം ട്രാമില്‍ കയറാന്‍.
ശനി മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 11 മണി വരെയും വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 11 മണി വരെയുമാണ് പ്രവര്‍ത്തന സമയം. യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ 30 മിനുട്ട് മുമ്പ് സ്‌റ്റേഷനില്‍ എത്തണമെന്നും ആര്‍ടിഎ അറിയിച്ചു. രാജ്യം അണു വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ ആദ്യവാരമാണ് ട്രാം, മെട്രോ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ മൂന്നാഴ്ച മുമ്പ് മെട്രോ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിരുന്നു.