സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ദുല്‍ഖറിന്റെ 'കുറുപ്പ്' പോസ്റ്റര്‍ പുറത്തിറങ്ങി
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാള്‍ റിലീസായി ഇറക്കാനാണ് തയ്യാറെടുത്തിരുന്നത്.
കോഴിക്കോട്: ദുല്‍ഖര്‍ സല്‍മാന്‍ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതം അഭിനയിക്കുന്ന 'കുറുപ്പ്' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ചിത്രം ഒ.ടി.ടി റിലീസിനെത്തുമെന്ന് നേരത്തേ അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തിയേറ്ററുകളിലൂടെ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്ന പ്രതീക്ഷയും ദുല്‍ഖര്‍ പങ്കുവച്ചു.
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാള്‍ റിലീസായി ഇറക്കാനാണ് തയ്യാറെടുത്തിരുന്നത്. അത് കൊവിഡില്‍ മുടങ്ങുകയായിരുന്നു. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.