ദുര്‍ഗ്ഗാപൂജ നിരോധിക്കില്ല: പ്രചരണം വ്യാജമെന്ന് മമത
പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആഘോഷമാണ് ദുര്‍ഗ്ഗാ പൂജ.
കൊല്‍ക്കത്ത: കോവിഡ് വ്യാപനം മൂലം, സംസ്ഥാനത്ത് ഈ വര്‍ഷം ദുര്‍ഗ്ഗാ പൂജ നിരോധിച്ചുവെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ വര്‍ഷം ദുര്‍ഗാ പൂജ നിരോധിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് വ്യാജമാണെന്നും രാജ്യത്തെ ഒരു പ്രമുഖ പാര്‍ട്ടിയുടെ ഐടി സെല്‍ ആണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ബിജെപിയെ സൂചിപ്പിച്ച് മമത പറഞ്ഞു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമെന്ന് തെളിയിച്ചാല്‍ 101 തവണ ഏത്തമിടും,തെളിഞ്ഞില്ലെങ്കില്‍ തിരിച്ച് ഏത്തമിടീപ്പിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. ദുര്‍ഗ്ഗാപൂജ ഒഴിവാക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടന്നിട്ടില്ലെന്നും മമത വ്യക്തമാക്കി.
ലോക്ക് ഡൗണിന് ശേഷം ദുര്‍ഗ്ഗാപൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് ബംഗാളില്‍ തയ്യാറെടുപ്പുകള്‍ നടക്കവെയാണ് ദുര്‍ഗ്ഗാ പൂജ വേണ്ടെന്നുവെക്കുമെന്ന പ്രചരണങ്ങള്‍ വ്യാപകമായത്. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആഘോഷമാണ് ദുര്‍ഗ്ഗാ പൂജ.