ഭോപ്പാൽ: അപക്വമായ സാമ്പത്തികപരിഷ്‌കാരങ്ങള്‍ മധ്യപ്രദേശില്‍ വ്യാവസായ രംഗത്തെ തളര്‍ത്തുന്നതായി റിപോര്‍ട്ട്. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങളാണ് നൂറുകണക്കിന് വ്യവസായസ്ഥാപനങ്ങള്‍ അടച്ചിടുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടാതെ പാര്‍മസ്യുട്ടിക്കല്‍, ഇലക്ട്രോണിക്‌സ്, സിമെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, തുണിവ്യാപാരം, ഗ്രഹോപകരണങ്ങള്‍, തെര്‍മല്‍ പവര്‍ തുടങ്ങിയ മേഖലകളിലും 30-35 മുതല്‍ വ്യാപാര ഇടിവും സംഭവിച്ചിട്ടുണ്ട്. കരാർ ജീവനക്കാരെ പിരിച്ചുവിടുകയും സ്ഥിരം ജീവനക്കാർക്ക് നാലുമാസം കൂടുമ്പോൾ മാത്രമായി ശമ്പളം നൽകുകയുമാണ് ചെയ്യുന്നത്. ഗോവിന്ദ്പൂർ, പിതാംപൂര്‍, മണ്ഡിദ്വീപ്, മലാന്‍പൂര്‍ തുടങ്ങിയ വ്യാവസായിക മേഖലകളിലാണ് ഫാക്ടറികൾ അടച്ചിടുന്നത്. 15000ല്‍ അധികം പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.
സംസ്ഥാന വ്യാവസായിക കോര്‍പറേഷന്റെ കണക്കുപ്രകാരം 304 കമ്പനികള്‍ മലാന്‍പൂര്‍ വ്യവസായ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ പകുതിയും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. മലാന്‍പൂര്‍ മേഖലയില്‍ വാഹന നിര്‍മാണ കമ്പനികളില്‍ ഉല്‍പാദനം 80 ശതമാനം ഇടിഞ്ഞു. ജെകെ ടയേഴ്‌സ് ട്രീക്കുകളുടെ ടയര്‍ നിര്‍മാണ ഫാക്ടറി അടച്ചിട്ടു. ചെറു വാഹന ടയര്‍ ഉൽപ്പാദനം തുടങ്ങി. മണ്ഡിദ്വീപ് വ്യാവസായിക മേഖലയില്‍ 6000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സ്റ്റില്‍- ഇലക്‌ട്രോണിക് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. 40 ശതമാനം ഇടിവാണ് പല കമ്പനികള്‍ക്കും ഉണ്ടായത്. കരാര്‍ തൊഴിലാളികളെ പിരിച്ച് വിടാനും സ്ഥിരം തൊഴിലാളികളുടെ ശമ്പളം 10-15 ശതമാനം വരെ വെട്ടി ചുരുക്കാനും കമ്പനികള്‍ നിര്‍ബന്ധിതരായെന്നും റിപോർട്ടുണ്ട്.